അഹമ്മദാബാദ് : ക്രിക്കറ്റ് ലോകകപ്പ് കിരീടാവകാശിയെ ഇന്നറിയാം
അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതല്‍ നടക്കുന്ന ഏകദിനലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും കൊമ്ബുകോര്‍ക്കും.
1.30 നു നടക്കുന്ന ടോസിനു ശേഷം വ്യോമസേനയുടെ സൂര്യകിരണ്‍ എയര്‍ ഷോയുണ്ടാകും. ആകാശക്കാഴ്‌ച 20 മിനിറ്റ് വരെയുണ്ടാകുമെന്നാണു ബി.സി.സി.ഐ. നല്‍കുന്ന സൂചന. ഒന്നാം ഇന്നിങ്‌സിലെ ഡ്രിങ്ക്‌സ് ഇടവേളയില്‍ ബോളിവുഡ് ഗായകരായ ആദിത്യ ഗാധ്‌വിയുടെയും ഇന്നിങ്‌സിന്റെ ഇടവേളയില്‍ പ്രീതം ചക്രവര്‍ത്തി, ജോനിത ഗാന്ധി, നകാശ് അസീസ്, അമിത് മിശ്ര, ആകാശ സിങ്, തുഷാര്‍ ജോഷി എന്നിവരുടെയും സംഗീത പരിപാടികളുണ്ടാകും. രണ്ടാം ഇന്നിങ്‌സിന്റെ ഡ്രിങ്ക്‌സ് ഇടവേളയില്‍ ലേസര്‍, ലൈറ്റ് ഷോകളുണ്ടാകും. സമാപന ചടങ്ങിന് അല്‍ബേനിയന്‍ ഗായിക ദുയാ ലിപയുടെ സംഗീതം അകമ്ബടിയാകും. ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത മുന്‍ നായകന്‍മാരായ കപില്‍ ദേവ്, എം.എസ്. ധോണി, മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗ്, യുവ്‌രാജ് സിങ് എന്നിവര്‍ കാഴ്‌ചക്കാരായെത്തും. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയവരും ഫൈനല്‍ കാണാനെത്തും
മൂന്നാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ആറ് ഏകദിന കിരീടങ്ങള്‍ എന്ന റെക്കോഡിലേക്കാണ് എട്ടാം ഫൈനല്‍ കളിക്കുന്ന ഓസ്‌ട്രേലിയയുടെ നോട്ടം.
അപരാജിതരായാണ് ഇന്ത്യ ഫൈനലില്‍ കളിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ശേഷമാണ് ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ്‌്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ ഉപ പ്രധാനമന്ത്രി റിച്ചാഡ് മാര്‍ലസ് എന്നിവര്‍ ഫൈനല്‍ കാണാനെത്തും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മൊട്ടേരയിലെത്തും. മത്സരത്തിനു മുമ്ബ് ഇതുവരെ ലോകകപ്പ് നേടിയ നായകന്‍മാരെ ആദരിക്കുമെന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്‌തമാക്കി. പാകിസ്‌താന് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍ ചടങ്ങില്‍ പങ്കെടുക്കില്ല.