തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകളും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങുമ്പോഴും മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള സോഷ്യല്‍ മീഡിയ ടീമിന്റെ കാലാവധി 1 വര്‍ഷത്തേക്ക് കൂടി നീട്ടി. സോഷ്യല്‍ മീഡിയ ടീമിന് 79.73 ലക്ഷം രൂപയാണ് പ്രതിവര്‍ഷം ശമ്പളമായി നല്‍കുന്നത്. ഈ ഇനത്തില്‍ മാത്രം 5 വര്‍ഷത്തേക്ക് 3.98 കോടി രൂപയാണ് ഖജനാവില്‍ നിന്ന് ചിലവഴിച്ചിരിക്കുന്നത്. സര്‍ക്കാരിന്റേയും മന്ത്രിമാരുടേയും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി പബ്ലിക്ക് റിലേഷന്‍ വകുപ്പ് (പിആര്‍ഡി)നിലവിലുളളപ്പോഴാണ് മുഖ്യമന്ത്രിക്കു വേണ്ടി പ്രത്യേക സോഷ്യല്‍ മീഡിയ ടീമിനെ നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി പിആര്‍ഡിക്ക് 108.87 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നതിന് പുറമേയാണ് സോഷ്യല്‍ മീഡിയ ടീമിനു വേണ്ടി ഇത്രയേറെ തുക ചിലവഴിക്കുന്നത്
ഈ മാസം 15നായിരുന്നു സോഷ്യല്‍ മീഡിയ ടീമിന്റെ കാലാവധി അവസാനിച്ചത്. 12 പേരടങ്ങുന്ന സംഘമാണ് ടീമിലുള്ളത്. മുന്‍മുഖ്യമന്ത്രിമാര്‍ക്കൊന്നും തന്നെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ടീമുണ്ടായിരുന്നില്ല. സര്‍ക്കാറിന്റേയും മന്ത്രിമാരുടേയും പബ്ലിസിറ്റിക്ക് വേണ്ടി പിആര്‍ഡിയെ മാത്രമാണ് മുന്‍കാലങ്ങളില്‍ ആശ്രയിച്ചിരുന്നത്. മുഖ്യമന്ത്രിക്ക് എതിരെയുളള വാര്‍ത്തകളെ പ്രതിരോധിക്കുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ചുമതലയാണ് ഇവരെ ഏല്‍പ്പിച്ചിരിക്കുന്നത്
ജീവിത ചിലവ് വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ ശമ്പള വര്‍ദ്ധനവേണമെന്ന് സോഷ്യല്‍ മീഡിയ ടീമിന്റെ ആവശ്യത്തില്‍ തീരുമാനമായിട്ടില്ല. ഉടനെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സെക്രട്ടറിയേറ്റില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ വിവിരങ്ങള്‍ പോസ്റ്റ് ചെയ്യുക വെബ്‌സൈറ്റ് അപ്പഡേറ്റ് ചെയ്യുക എന്നിവ മാത്രമാണ് സംഘത്തിന്റെ ചുമതല. സോഷ്യല്‍ മീഡിയ ടീം ലീഡറിന് 75000, കണ്ടന്റ് മാനേജര്‍ക്ക് 70000, വെബ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് 65000 എന്നിങ്ങനെയാണ് ശമ്പള ഘടന. ഈ സംഘത്തിലെ ഏറ്റവും കുറവ് ശമ്പളം 22290 കൈപ്പറ്റുന്ന കംപ്യൂട്ടര്‍ അസിസ്റ്റന്റിനാണ്. ഇതിനു പുറമേ ഡെലിവറി മാനേജര്‍, റിസര്‍ച്ച് ഫെല്ലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍, ഡാറ്റ റിപ്പോസിറ്ററി മാനേജര്‍ എന്നിങ്ങനെയുള്ള തസ്തികകളുമുണ്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 9 പേരായിരുന്നു ഈ ടീമിലുണ്ടായിരുന്നത്. പിന്നീടത് 12 ആക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു.