'ഒരു ശക്തിക്കും തടയാനാകില്ല'; പൗരത്വ ഭേദഗതി നിയമം എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് അമിത് ഷാ

 



ന്യൂ‍ഡൽഹി: എന്ത് വിലകൊടുത്തും പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അമിത് ഷാ. മമതാ ബാനർജിക്കെതിരേയും രീക്ഷമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.പൗരത്വ നിയമം രാജ്യത്തിന്റെ നിയമമാണെന്നും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എന്ത് വില കൊടുത്തും അത് നടപ്പാക്കുമെന്നും അമിത് ഷാ മെഗാ റാലിയിൽ പറഞ്ഞു.മമതയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ പ്രീണന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത് എന്ന് അദ്ദേഹം വിമർശിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിക്കണമെന്നും ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടർ കാർഡുകളും ആധാർ കാർഡുകളും പരസ്യമായും അനധികൃതമായും വിതരണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.


പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് മാർച്ച് അവസാനത്തോടെ പുറത്തിറക്കുമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പറഞ്ഞിരുന്നു. ഇതിന്റെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര പറഞ്ഞു.യുപിയിൽ മതുവ സമുദായത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുപിയിലെ ബിജെപി എംപി കൂടിയായ മിശ്ര ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഇതിനെ ശക്തമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രമാണ് ബിജെപിക്ക് പൗരത്വ നിയമത്തിന്റെ കാര്യവും മതുവായേക്കുറിച്ചും ഓർമവരികയൊള്ളുവെന്ന് തൃണമൂൽ കോൺഗ്രസിന്റെ എംപിയായ ശാന്തനു സെൻ പറഞ്ഞു.ബിജെപി നൽകുന്ന വ്യാജ വാഗ്ദാനങ്ങളല്ല തങ്ങൾ മതുവ വിഭാഗങ്ങൾക്കിടയിലുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും തൃണമൂൽ എംപി കൂട്ടിച്ചേർത്തു.
أحدث أقدم