കൊല്ലം ചിതറയിൽ വീട്ടിൽ ആളില്ലാത്ത തക്കം നോക്കി വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ എടുക്കാതെ മോഷ്ടാവ് കൊണ്ടുപോയത് രണ്ട് കുപ്പി മദ്യം. ഒപ്പം പണം സൂക്ഷിച്ച കുടുക്കയും മോഷണം പോയി. ചുമട് താങ്ങി സ്വദേശി അംബികയുടെ വീട്ടിലായിരുന്നു മോഷണം. മകൻ ശബരിമലയ്ക്കും അംബിക തിരുവനന്തപുരത്തെ കുടുംബ വീട്ടിലും പോയ തക്കം നോക്കിയായിരുന്നു കവർച്ച.വീടിന് സമീപത്തെ റബർ തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീയാണ് മുൻ വശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടൻ നാട്ടുകാരേയും വീട്ടുകാരേയും പൊലീസിനേയും വിവരം അറിയിച്ചു. നാലരപ്പവൻ സ്വർണം മോഷണം പോയെന്നായിരുന്നു പരാതി. പക്ഷേ മോഷ്ടാവ് വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍ക്കിടയിൽ നിന്ന് വിരലടയാള വിദഗ്ധർക്ക് ആഭരണങ്ങൾ കിട്ടി. മൂന്ന് കുപ്പി മദ്യവും രണ്ട് കുപ്പി ബിയറും വീട്ടിലുണ്ടായിരുന്നു. ഇതിൽ രണ്ട് കുപ്പി മദ്യം മോഷ്ടാവ് കൊണ്ടുപോയി. ഒരു കുപ്പി ബിയറും അരക്കുപ്പി മദ്യവും വീട്ടിൽ വച്ച് തന്നെ കുടിച്ച് തീർത്തു. വീട്ടുകാരെ അടുത്ത് പരിചയമുള്ളയാളാകാം മോഷ്ടാവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.