താമരക്കുളത്ത് വീടിനു മുന്നിൽ കിടന്ന കാറ് കത്തി നശിച്ചു.



ആലപ്പുഴ: താമരക്കുളത്ത് വീടിനു മുന്നിൽ കിടന്ന കാറ് കത്തി നശിച്ചു.
കായംകുളത്തു നിന്നും അഗ്നിശമന സേനയെത്തി തീയണച്ചു.

താമരക്കുളം ഒന്നാം മൈൽ മുകളച്ചത്ത് എം എസ് ഡെക്കറേഷർ ആന്റ് ഇവന്റ്സ് ഉടമയായ സഹറുദീന്റെ കാറാണ് ഞായറാഴ്ച അർധരാത്രിയോടെ കത്തിനശിച്ചത്.

 12 മണിയോടടുത്താണ് വീട്ടുകാർ ഉറങ്ങാൻ കിടന്നത്. അധികം വൈകാതെ കാറ് കിടന്ന സ്ഥലത്ത് നിന്നും ശബ്ദം കേട്ടതോടെ വീട്ടുകാർ ഉണർന്നു. നോക്കുമ്പോൾ കാറ് കത്തുന്നതാണ് കണ്ടത്. വീട്ടുകാർ ബഹളം വെച്ചതോടെ അയൽക്കാരിൽ ചിലരും ഓടിയെത്തി.

മോട്ടോർ ഉപയോഗിച്ച് വെള്ളം ഒഴിച്ച് തീയണക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. അപകടം ഭയന്ന് വാഹനത്തിനടുത്തേക്ക് ആരും പോയില്ല.

 അഗ്നിശമന സേന എത്തിയാണ് തീപൂർണമായും അണച്ചത്.
 കാറിന്റെ മുൻവശം പൂർണ്ണമായും കത്തിയമരുകയും ടയർ പൊട്ടിത്തെറിക്കുകയും ചെയ്തു.
ഞായറാഴ്ച വാഹനം ഓടിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു.

 നൂറനാട് പോലീസ് എത്തി പരിശോധന നടത്തി. രാത്രി എങ്ങനെയാണ് കാറ് കത്തിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏവരും.
أحدث أقدم