ജയ്പുര്‍: രാജ്യത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയതിലൂടെ പ്രീണന രാഷ്ട്രീയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തടയൊരുക്കുക യായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പ്രധാനമന്ത്രിയുടെ സമയോചിതമായ ഇടപെടൽ മൂലം പിഎഫ്‌ഐയെ അടിച്ചമർത്താൻ സാധിച്ചതായും അമിത് ഷാ പറഞ്ഞു.
രാജസ്ഥാനിലെ മക്രാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
വിഷയത്തിൽ രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനേയും മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്തിനേയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു. ഗഹ്‌ലോത്തിന്റെ പ്രീണനനയം നിരവധി യുവാക്കളുടെ കൊലപാതകത്തിനിടയാക്കിയതായും അമിത് ഷാ ആരോപിച്ചു.
കൂടാതെ ഗഹ്‌ലോത്തിനെ കോണ്‍ഗ്രസ് നേതാക്കള്‍ മാന്ത്രികനെന്നാണ് വിളിക്കുന്നതെന്നും മായാജാലം കാണിച്ച് ഗഹ്‌ലോത് രാജസ്ഥാനില്‍ വൈദ്യുതിപ്രതിസന്ധി ഉണ്ടാക്കിയെന്നും ഷാ പരിഹസിച്ചു.
രാജ്യത്ത് ഏറ്റവുമധികം പവര്‍കട്ട് നേരിടുന്നത് രാജസ്ഥാനാണെന്നും ഷാ പറഞ്ഞു.