കോഴിക്കോട് ഇനി സാഹിത്യ നഗരം; UNESCO പദവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം





കോഴിക്കോട്: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് അഭിമാനമായി കോഴിക്കോട് ഇനി സാഹിത്യ നഗരം.

 യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകള്‍, പ്രസാധകര്‍, സാഹിത്യോത്സവങ്ങള്‍ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷമായി കിലയുടെ സഹായത്തോടെ കോര്‍പ്പറേഷന്‍ നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്.

ബഷീറും എസ് കെ പൊറ്റെക്കാടും കെ ടി മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ഓര്‍മകള്‍ ധന്യമാക്കി കോഴിക്കോട് ഇനി സാഹിത്യ നഗരം എന്നറിയപ്പെടും. രേവതി പട്ടത്താനം മുതല്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് വരെ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനകാലം വരെ സഞ്ചരിക്കുന്ന സാഹിത്യസപര്യ കോഴിക്കോടിന് സ്വന്തമാണ്. രാജ്യാന്തര സഞ്ചാരികളുടെ തൂലിക തുമ്പില്‍ എക്കാലവും കുറിച്ചിടപ്പെട്ട നഗരത്തിന്റെ അതിന്റെ ഗതകാല വൈഭവം ലോകം അംഗീകരിക്കുകയാണ്.

ലോക സാഹിത്യത്തെ അടുത്തറിയാനും മലയാള സാഹിത്യം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിക്കാനും പുതിയ പദവി വഴിയൊരുക്കും. യുനെസ്‌കോ തിരഞ്ഞെടുത്ത 55 സര്‍ഗാത്മക നഗരങ്ങളില്‍ സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിനും ആതിഥേയത്വത്തിനും പേരുകേട്ട കോഴിക്കോടിനെ സാഹിത്യത്തിന്റെ നഗരമെന്നും നന്മയുടെ നഗരമെന്നും ചരിത്രകാരന്മാര്‍ അടയാളപെടുത്തിയിട്ടുണ്ട്. സഹൃദയരുടെ സംഗമ ഭൂമിയായ കോഴിക്കോട് ഇനി സാഹ്യത്തിന്റെ കൂടി കേന്ദ്രമായി വളരും.
أحدث أقدم