അയ്യോ .. കണ്ടില്ലല്ലോ ??? കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ജനുവരിയില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ഒക്ടോബറില്‍ നടത്തിയ പ്രഖ്യാപനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ് യുവനേതാക്കള്‍.

 

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ ജനുവരിയില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 2019 ഒക്ടോബറില്‍ നടത്തിയ പ്രഖ്യാപനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ് യുവനേതാക്കള്‍. കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമാണ് മുഖ്യമന്ത്രിയുടെ എഫ് ബി പോസ്റ്റിന് പരിഹാസവുമായി എത്തിയിരിക്കുന്നത്. മൂന്ന് മോഡലുകളിൽ നാല് നിറങ്ങളിലാണ് ഇത് ജനുവരിയിൽ പുറത്തു വരുന്നത്. എനിക്കിഷ്ടപ്പെട്ടത് ഈ പച്ച നിറത്തിലുള്ള മോഡലാണ് എന്നുമാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിടി ബല്‍റാം നല്‍കിയിരിക്കുന്ന കമന്‍റ്.



കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡ്‌ ആയ കൊക്കോണിക്സ്‌ സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞത്. മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്‍റെ പഴയ പ്രിന്‍റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാല ഇന്ന് ആധുനിക ഇലക്ട്രോണിക് സാമഗ്രികളുടെ നിര്‍മാണശാലയായി മാറിയെന്നുമായിരുന്നു കൊക്കോണിക്സ് സംബന്ധിച്ച പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.

ഇന്‍റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്സിലറോണ്‍ എന്ന സ്റ്റാര്‍ട്ട്‌ അപ്പ്, കെഎസ്ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി 2019ല്‍ അറിയിച്ചത്. ഉത്‌പാദനത്തിലും വില്‍പ്പനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്സ്‌ കേന്ദ്രികരിക്കുന്നതെന്നും പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ടെന്നുമായിരുന്നു പ്രഖ്യാപന സമയത്ത് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. വിടി ബല്‍റാമിന്‍റെ പരിഹാസത്തിന് നിരവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. 



ഇന്ത്യയിലെ തന്നെ പിപിപി മോഡലിൽ നി‍‌‌ർമ്മിക്കപ്പെടുന്ന ആദ്യത്തെ ലാപ്ടോപ്പായിരിക്കും കേരളത്തിന്‍റെ കൊക്കോണിക്സ് എന്നതടക്കമുള്ള വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നിലവില്‍ ഇന്ത്യയിൽ ഒരു കമ്പനിയും ലാപ്ടോപ്പുകളോ കമ്പ്യൂട്ടറുകളോ നിർമ്മിക്കുന്നില്ല, വിവിധ ഘടകങ്ങൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഈ വ്യവസ്ഥയിലേക്കാണ് സ്വന്തം ലാപ്ടോപ്പുമായി കൊക്കോണിക്സ് കടന്നു വരുന്നത്. നാൽപ്പത് ശതമാനം ഘടകങ്ങളും ഇവിടെ തന്നെ നിർമ്മിക്കുക, മെമ്മറിയും, പ്രോസസ്സറും അടക്കമുള്ള ബാക്കി 60 ശതമാനം ഘടകങ്ങൾ ഇറക്കുമതി ചെയ്ത് കേരളത്തിൽ വച്ച് തന്നെ സംയോജിപ്പിക്കുക എന്നതായിരുന്നു കൊക്കോണിക്സിന്‍റെ പദ്ധതി.
أحدث أقدم