ന്യൂഡല്‍ഹി : 2030 ഓടേ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് പ്രവചനം. നിലവില്‍ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ്. അമേരിക്ക, ചൈന, ജര്‍മനി, ജപ്പാന്‍ എന്നി രാജ്യങ്ങള്‍ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യ.
2026-27 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴു ശതമാനമായി ഉയരും. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ഇതിന്റെ തുടര്‍ച്ചയെന്നോണം 2030 ഓടേ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്നും എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിങ്‌സ് കണക്കുകൂട്ടുന്നു.
നടപ്പുസാമ്പത്തിക വര്‍ഷം 6.4 വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷവും സമാന പുരോഗതി ഉണ്ടാവുമെന്നാണ് അനുമാനം. എന്നാല്‍ 2025-26ല്‍ ഇത് 6.9 ശതമാനമായി ഉയരുകയും പിന്നീടുള്ള മൂന്ന് വര്‍ഷം ഏഴുശതമാനത്തിലേക്ക് വളര്‍ച്ച എത്തുമെന്നുമാണ് എസ് ആന്റ് പിയുടെ കണക്കുകൂട്ടല്‍.
ലോജിസ്റ്റിക്‌സ് രംഗത്തെ മുന്നേറ്റം ഇന്ത്യയെ സര്‍വീസ് മേഖല കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഉല്‍പ്പാദന കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ശക്തി ഇതിന് കരുത്തുപകരുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.