ഭൂമിയെ ലക്ഷ്യമിട്ട് കൂറ്റൻ സൗരജ്വാലകൾ എത്തുന്നതായി ശാസ്ത്രജ്ഞർ..ജിപിഎസ് കണക്ടിവിറ്റിയെയും ആശയവിനിമയ സിഗ്നലുകളെയും തടസ്സപ്പെടുത്തിയേക്കും. ജി3 വിഭാഗത്തിലാണ് ഈ സൗര കൊടുങ്കാറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.



ഭൂമിയെ ലക്ഷ്യമിട്ട് കൂറ്റൻ സൗരജ്വാലകൾ എത്തുന്നതായി ശാസ്ത്രജ്ഞർ. സൂര്യന്റെ പുറം പാളിയിൽ നിന്ന് പ്ലാസ്മ എന്നറിയപ്പെടുന്ന അത്യധികം ചൂടുള്ള പദാർത്ഥം പൊട്ടിത്തെറിക്കുന്ന പ്രതിഭാസമാണ് കൊറോണൽ മാസ് എജക്ഷൻ. ഈ പ്രതിഭാസം നടക്കുമ്പോൾ ഉണ്ടാകുന്ന സൗരജ്വാലയിൽ നിന്നുള്ള അപകടകരമായ വികരണങ്ങളാണ് ഭൂമിയിലേക്ക് എത്തുന്നത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷനിലെ ശാസ്ത്രജ്ഞരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ഈ വികിരണങ്ങൾ ഭൂമിയെ ലക്ഷ്യമാക്കി എത്തും. മുൻപ് നടന്നിട്ടുള്ളതിനേക്കാൾ അതിശക്തമായ സ്ഫോടനങ്ങളാണ് ഇത്തവണ സൂര്യനിൽ നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭീമാകാരമായ ഈ വികിരണങ്ങൾ ഭൂമിയിലെ വിവിധയിടങ്ങളിൽ സാരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

മുൻപ് നടന്നിരുന്ന സ്ഫോടനങ്ങൾ സൂര്യന്റെ മറുവശത്തായാണ് നടന്നിരുന്നത്. അതിനാൽ, ഇത്തരം കിരണങ്ങൾ ഭൂമിയിലേക്ക് പതിച്ചിരുന്നില്ല. സൗരക്കൊടുങ്കാറ്റുകൾ എന്നുകൂടി വിശേഷിപ്പിക്കുന്ന വികിരണങ്ങൾ ഭൂമിയുടെ കാന്തിക വലയത്തെ തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. സൗരജ്വാലയിൽ നിന്നുള്ള ഹാനികരമായ വികിരണം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും മനുഷ്യനെ നേരിട്ട് ബാധിക്കുകയില്ല. എന്നാൽ, ജിപിഎസ് കണക്ടിവിറ്റിയെയും ആശയവിനിമയ സിഗ്നലുകളെയും തടസ്സപ്പെടുത്തിയേക്കും. ജി3 വിഭാഗത്തിലാണ് ഈ സൗര കൊടുങ്കാറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
أحدث أقدم