ചെന്നൈ : അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ. ഇരുവരും അന്‍പതു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊന്മുടിയെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
പൊന്മുടിയേയും ഭാര്യയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മന്ത്രി പൊന്മുടിക്കെതിരായ ആക്ഷേപങ്ങള്‍ ശരിയാണെന്നു കോടതി കണ്ടെത്തി.200611 കാലയളവില്‍ ഡിഎംകെ സര്‍ക്കാരില്‍ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ പൊന്മുടിയുടെ കെവശമുണ്ടായിരുന്നതിനേക്കാള്‍ 64.9% അധിക സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തല്‍.
2011 ല്‍ എഐഎഡിഎംകെ അധികാരത്തിലെത്തിയപ്പോഴാണ് മന്ത്രി പൊന്മുടിക്കെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തത്. ഡിഎംകെ നേതാവ് അനധികൃതമായി 1.36 കോടിയുടെ അധിക സ്വത്ത് സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. എന്നാല്‍ ആക്ഷേപങ്ങള്‍ സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി പൊന്മുടിയേയും ഭാര്യയേയും കുറ്റവിമുക്തരാക്കിയത്.