ഡല്‍ഹി: ഉത്തർപ്രദേശിൽ വയോധികനോട് ക്രൂരത. സിദ്ധാർത്ഥനഗറിൽ 75 കാരൻ്റെ മുഖത്ത് കരി ഓയിൽ ഒഴിച്ച ശേഷം ചെരുപ്പ് മാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു. വയോധികനെ കൊണ്ട് സ്വന്തം തുപ്പൽ നക്കിച്ചതായും ആരോപണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വൈറലായതോടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നും, സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞതെന്നും പൊലീസ്. തിഘര ഗ്രാമത്തിലെ താമസക്കാരനായ മൊഹബത്ത് അലിക്ക്(75) നേരെയാണ് അതിക്രമം ഉണ്ടായത്. മകളെ അനുചിതമായി സ്പർശിച്ചെന്ന് ആരോപിച്ച് ഒരാൾ അലിയ്‌ക്കെതിരെ പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് വൃദ്ധനെ ചിലർ ആക്രമിച്ചത്. അലിയെ ആക്രമിച്ച നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്യായമായി തടഞ്ഞുനിർത്തൽ, മുറിവേൽപ്പിക്കൽ, വീടുതകർക്കൽ, മനഃപൂർവം അപമാനിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.