എറണാകുളം : വൈഗ കൊലക്കേസിൽ പ്രതി സനു മോഹന് ജീവപര്യന്തം ശിക്ഷ. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്.
പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വർഷം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് വൈഗ കൊലക്കേസിൽ കോടതി വിധി പ്രസ്താവിക്കുന്നത്.
വിവിധ വകുപ്പുകളിലായി 28 വർഷം തടവ് പ്രതി സനു മോഹന് കോടതി വിധിച്ചിരിക്കുന്നത്. തടവ് ശിക്ഷയോടൊപ്പം 1,70,000 രൂപ പിഴയും കോടതി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 2021 മാർച്ച് 21 നാണ് കളമശേരി മുട്ടാർ പുഴയിൽ നിന്നും പത്തു വയസ്സുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയത്. കൊക്കോ കോളയിൽ മദ്യം കലർത്തി നൽകുകയും തുടർന്ന് ശ്വാസം മുട്ടിച്ച ശേഷം കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയും ആയിരുന്നു. വിവാഹബന്ധം പിരിഞ്ഞു ജീവിക്കുന്ന പിതാവ് കുട്ടി ബാധ്യതയാകാ തിരിക്കാനാണ് കൊലപാതകം നടത്തിയത്.
കടബാധ്യത മൂലം പിതാവ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു എന്ന രീതിയിലായിരുന്നു ആദ്യം വാർത്ത പുറത്തുവന്നിരുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സനു മോഹൻ ഒളിവിൽ പോയതായി തെളിഞ്ഞു. തുടർന്ന് ഒരു മാസത്തെ തെരച്ചിലിനൊടുവിൽ കർണാടകയിലെ കാർവാറിൽ നിന്നാണ് സനുമോഹൻ പിടിയിലായത്.
70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.