മണർകാട് : മണർകാട്ട് തോട് അടച്ച് പാടം നികത്തൽ: പരാതിയുമായി നാട്ടുകാർ
നടപടിയെടുക്കാതെ അധികൃതർ
വടവാതൂർ മാലം കരിക്കോട്ടുമൂല പാടശേഖരത്തിൽ ഐരാറ്റുനടയിലെ നെൽപ്പാടത്ത് അനധികൃതമായി മണ്ണിട്ടുയർത്തുന്നു
വെള്ളമൊഴുക്കുള്ള തോടും നീർച്ചാലുമുൾപ്പെടെ നെൽപ്പാടം മണ്ണിട്ടുയർത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ പരാതിയുമായി നാട്ടുകാർ രംഗത്ത് എത്തി മണർകാട് വടവാതൂർ മാലം കരിക്കോട്ടുമൂല പാടശേഖരത്തിൽ ഐരാറ്റുനടയിലാണ് നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഭൂമാഫിയ നെൽപ്പാടം അനധികൃതമായി മണ്ണിട്ടുയർത്തുന്നത്. പാടശേഖരത്തിൻറെ മദ്ധ്യത്തിൽ നെൽപ്പാടം തരംമാറ്റി മണ്ണിട്ടുയർത്തുന്നത് വർഷകാലത്ത് വെള്ളപ്പൊക്കത്തിനും കൃഷിനാശത്തിനും കാരണമാകുമെന്ന് കാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. മണർകാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 24, റീസർവെ നമ്പർ 540/5ൽ ഉൾപ്പെട്ട നെൽപ്പാടമാണിത്. മണ്ണിട്ടുയർത്തുന്നതിനെതിരെ പരാതിനൽകിയിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത്- റവന്യു അധികൃതർ ഒത്താശചെയ്യുന്നുവെന്ന്കാട്ടി നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു നാട്ടുകാർ സംഘടിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുമുണ്ട് . തോടും നീർച്ചാലും നടവരമ്പും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസംമുമ്പ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നീർച്ചാലുകൾ പൂർവ്വസ്ഥിതിയിലാക്കുന്നതിനൊ നടവരമ്പ് പുനസ്ഥാപിക്കുന്നതിനൊ നാളിതുവരെ നടപടിയെടുത്തില്ല.
അതേ സമയം നിയമത്തിൻ്റെ ചില ആനുകൂല്യങ്ങൾ ചൂണ്ടിക്കാട്ടി നടത്തുന്ന ഇത്തരം നിർമ്മാണ പ്രവർത്തനത്തിനത്തിന് എതിരെ കോട്ടയത്തെ പ്രകൃതി സ്നേഹികൾ ഇതിനോടകം സംഘടിച്ച് കഴിഞ്ഞു ഇവർക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളായ ചിലരുടെ പിൻബലം ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്