ലഖ്‌നൗ : 50 മീറ്റര്‍ നീളവും പതിനായിരം കിലോ ഭാരവും ഉള്ള മൊബൈല്‍ ടവര്‍ മോഷണം പോയി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. മൊബൈല്‍ ടവര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് ടെക്‌നീഷ്യന്‍ രാജേഷ് കുമാര്‍ യാദവ് നവംബര്‍ 29നാണ് പൊലീസില്‍ പരാതി നല്‍കിയതെങ്കിലും മാര്‍ച്ച് 31 മുതല്‍ ടവര്‍ കാണാതായതായും പരാതിയില്‍ പറയുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
ടവറിനോടപ്പമുള്ള മറ്റ് വില കൂടിയ സാമഗ്രികളും മോഷ്ടാക്കള്‍ അടിച്ചുമാറ്റിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് ഇന്നലെ നാട്ടുകാരുടെയും സ്ഥലം ഉടമയുടെയും മൊഴികള്‍ രേഖപ്പെടുത്തി.
ഈ വര്‍ഷം ജനുവരിയിലാണ് കൗശാംബി ജില്ലയിലെ ഉജ്ജയനി ഗ്രാമത്തിലെ ഉബൈദിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ തന്റെ കമ്പനി ടവര്‍ സ്ഥാപിച്ചതെന്ന് ടെക്‌നീഷ്യന്‍ പറഞ്ഞു. 2023 മാര്‍ച്ച് 31 ന് പരിശോധനയ്ക്കായി സ്ഥലത്തെത്തിയപ്പോള്‍ മൊബൈല്‍ ടവറും മറ്റ് സാമഗ്രികള്‍ ഉള്‍പ്പടെ എല്ലാം മോഷണം പോയതായി അദ്ദേഹം പറഞ്ഞു.