പത്തനംതിട്ട: പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷനും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും നവകേരള സദസില്‍.
പത്തനംതിട്ട ഡിസിസി മുന്‍ അധ്യക്ഷന്‍ ബാബു ജോര്‍ജും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി സജി ചാക്കോയുമാണ് നവകേരള സദസില്‍ പങ്കെടുത്തത്. നവകേരള സദസ് പത്തനംതിട്ട ജില്ലയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പ്രഭാതയോഗത്തില്‍ പങ്കെടുക്കാനാണ് ഇരുവരും എത്തിയത്.
ഇരുവരും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് നടപടി നേരിട്ടവരാണ്. ഡിസിസി യോഗം നടക്കുന്നതിനിടെ വാക്കേറ്റം നടത്തിയെന്നും ഓഫീസിന്റെ കതക് ചവിട്ടിത്തുറന്നുവെന്നും ആരോപിച്ചായിരുന്നു ബാബു ജോര്‍ജിനെതിരെ കെപിസിസി നടപടി സ്വീകരിച്ചത്.
ജില്ലയിലെ എ വിഭാഗത്തെ നയിച്ചിരുന്ന ബാബു ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. മല്ലപ്പള്ളി കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സജി ചാക്കോയ്ക്ക് എതിരെ നടപടി സ്വീകരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ നടപടി നേരിട്ട മുതിര്‍ന്ന നേതാക്കളെ തിരികെ എത്തിക്കാന്‍ എ ഗ്രൂപ്പ് നീക്കം നടത്തുന്നതിനിടെയാണ് ഇരുവരും നവകേരള സദസില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജനകീയ സദസ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആണ് വരുന്നതെന്ന് ബാബു ജോര്‍ജ് പ്രതികരിച്ചു. 'അതിനെ ഒരു ആര്‍ഭാടമായി കാണേണ്ടതില്ല. പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. എന്റെ നിലപാട് ഇപ്പോള്‍ ജനകീയ സദസിന് അനുകൂലമാണ്.
ബാക്കി കാര്യങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനിക്കും. ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ വിയോജിക്കുന്നു.' - ബാബു ജോര്‍ജ് പറഞ്ഞു. ഇരുവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു.