പുതുവർഷം പിറന്ന ആദ്യ രാജ്യം; അതിജീവനത്തനായി ദ്വീപ് നിവാസികൾ; കിരിബാസ് നാശത്തിന്റെ വക്കിൽ

 



ലോകത്താദ്യമായി പുതുവർഷം പിറന്നത് പസഫിക് സമുദ്രത്തിലെ കിരിബാസ് എന്ന ദ്വീപ് രാഷ്ട്രത്തിലാണ്. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയ്ക്കായിരുന്നു അത്. കിരിബാത്തി എന്നാണ് എഴുതുന്നതെങ്കിലും കിരിബാസ് എന്നാണ് ഉച്ചാരണം. പുതുവത്സരങ്ങൾ ലോകത്തെല്ലായിടത്തും സന്തോഷഭരിതമാണെങ്കിൽ കിരിബാസിൽ അത് അത്ര സന്തോഷമുള്ള കാര്യമല്ല. മുപ്പത്തിമൂന്ന് ദ്വീപുകൾ ചേർന്നതാണ് റിപ്പബ്ലിക് ഓഫ് കിരിബാസ്. ഇതിൽ ഇരുപത്തി ഒന്ന് ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു. മൊത്തം ജനസംഖ്യ ഒന്നര ലക്ഷത്തിൽതാഴെ മാത്രം. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നതു മൂലം കിരിബാസ് സമുദ്രത്തിൽ അപ്രത്യക്ഷമാകാനുള്ള സാധ്യത വലുതാണ്. എന്നാൽ വെള്ളപ്പൊക്കത്തിൽ നിന്ന് തങ്ങളുടെ ദ്വീപിനെ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ദ്വീപ് നിവാസികൾ. അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു.

കല്ലും തടിയും കോൺക്രീറ്റും ഉപയോഗിച്ച് അവർ മതിലുകൾ പണിയുന്നു. മറ്റുചിലർ കണ്ടൽക്കാടുകളോ ചെറുമരങ്ങളോ നട്ടുപിടിപ്പിച്ച് തീരദേശത്തെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നു. പക്ഷേ കാര്യമില്ല. അടുത്ത മുപ്പതോ നാൽപതോ വർഷത്തിനുള്ളിൽ കിരിബാസ് അപ്രത്യക്ഷമാകുമെന്നാണ് യുഎന്നിന്റെ വിലയിരുത്തൽ. ദ്വീപിന്റെ ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്ന് രണ്ട് മീറ്ററിൽ താഴെയാണ് എന്നതാണ് ഇതിന് കാരണം.

കിരിബാസിലെ സർക്കാർ ഫിജിയിലെ ഒരു ദ്വീപിൽ തങ്ങളുടെ ജനതയെ മാറ്റിപ്പാർപ്പിക്കുന്നതിനായി ഭൂമി വാങ്ങിയിരിക്കുകയാണിപ്പോൾ. അടിയന്തിര സാഹചര്യങ്ങളിൽ കിരിബാസിലെ ജനതയെ ഒഴിപ്പിക്കാനും ഫിജിയിലേക്ക് പുനരധിവസിപ്പിക്കാനും സാധിക്കും. പക്ഷേ കിരിബാസുകാർ ജനിച്ചുവളർന്ന നാടവിട്ട് എങ്ങോട്ടുമില്ലെന്നാണ് പറയുന്നത്. പുതുവത്സരങ്ങളിൽ തങ്ങളുടെ നാടിനെ കടലെടുക്കാതിരിക്കട്ടെ എന്നാണ് അവരുടെ പ്രാർത്ഥന.

أحدث أقدم