ലോറിയുടെ പിന്നിൽ കണ്ടൈനർ ഇടിച്ചുകയറി ; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി





തൃശൂര്‍: മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിലെ പട്ടിക്കാട് മേല്‍പ്പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. മൂന്ന് ലോറികളാണ് ഇത്തവണ അപകടത്തില്‍ പെട്ടത്. തൃശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന ട്രാക്കിലാണ് അപകടം ഉണ്ടായത്.

എറണാകുളത്തു നിന്നും സ്‌ക്രാപ്പ് കയറ്റി പാലക്കാട് പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുടെയും ഇതേ ദിശയിലേക്ക് പോകുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിയ ലോറിയുടെയും പുറകിലാണ് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് കയറിയത്. ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ക്യാബിനില്‍ ഏകദേശം ഒന്നെമുക്കാല്‍ മണിക്കൂറോളം കുടുങ്ങിക്കിടന്നു. മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഡ്രൈവറെ പുറത്തെടുക്കാനായില്ല. 

തുടര്‍ന്ന് തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ലോറിയുടെ സ്റ്റിയറിങ്ങും സീറ്റും കട്ട് ചെയ്ത് എടുത്തതിനുശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവര്‍ക്ക് കാലിനു മാത്രമാണ് പരിക്ക് പറ്റിയത്. ഇയാളെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
أحدث أقدم