പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് മന്ത്രി അമിത് ഷാ; പ്രതിപക്ഷത്തിന് വിമര്‍ശനം



പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്റിന്റെ സുരക്ഷ സ്പീക്കറുടെ അധികാരപരിധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉന്നതതല അന്വേഷണസംഘം രൂപീകരിച്ചു. ഇന്നലെയുണ്ടായ സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ആജ് തക് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രാലയം പ്രതികരിക്കണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് പാര്‍ലമെന്റിന് പുറത്ത് അമിത് ഷാ ഇത് സംബന്ധിച്ച് ശ്രദ്ധേയമായ പ്രതികരണം നടത്തിയിരിക്കുന്നത്. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഗൗരവതരമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും വിഷയത്തില്‍ പഴുതടച്ചുള്ള അന്വേഷണമുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പാര്‍ലെമന്റില്‍ ഇന്നലെ ഉച്ചയോടെ കളര്‍ സ്‌പ്രേയുമായി രണ്ടുപേരെത്തി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്.അക്രമികളടക്കം നാലു പേര്‍ ഇതുവരെ സുരക്ഷാസേനയുടെ പിടിയിലായിട്ടുണ്ട്. നീലം, അമോര്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് നിന്നും പിടിയിലായിട്ടുണ്ട്.

أحدث أقدم