സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ പാര്‍ലമെന്റില്‍ കയറുന്നത് വിലക്കി സര്‍ക്കുലര്‍; പ്രതിദിന അലവന്‍സിനും അര്‍ഹതയില്ല


 
ന്യൂഡല്‍ഹി: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നത് വിലക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പാര്‍ലമെന്റ് ചേംബര്‍, ലോബി, ഗാലറി എന്നിവിടങ്ങളിലൊന്നും പ്രവേശിക്കരുതെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്. 

സസ്‌പെന്‍ഷനിലുള്ള എംപിമാര്‍ പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമാണെങ്കില്‍ കമ്മിറ്റി സിറ്റിങ്ങുകളിലും സസ്‌പെന്‍ഷന്‍ ബാധകമാണ്. അവര്‍ സമര്‍പ്പിച്ച നോട്ടീസുകള്‍ സസ്പെന്‍ഷന്‍ കാലയളവില്‍ സ്വീകാര്യമല്ല. സസ്പെന്‍ഷന്‍ കാലയളവില്‍ നടക്കുന്ന കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. 

സഭ സേവനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ പ്രതിദിന അലവന്‍സിന് അര്‍ഹതയില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ലോക്‌സഭയിലെ 95 ഉം, രാജ്യസഭയിലെ 46 ഉം അടക്കം 141 പ്രതിപക്ഷ എംപിമാരെയാണ് കൂട്ടത്തോടെ വിലക്കിയിട്ടുള്ളത്. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിനാണ് വിലക്ക്.
أحدث أقدم