പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവാരംഭത്തിരക്കിലും പുതുവത്സരാരവം ഉയരുന്നതിനുമിടെയാണ് ശബരിമല പാതയോരത്തെ കടയിൽ ഉടമയെ കൊലപ്പെടുത്തിയത്. ആസൂത്രിതമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
മൈലപ്ര പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണിയാണ് (73) പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പുതുവേലില്‍ സ്‌റ്റോഴ്‌സിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ശനിയാഴ്ച വൈകിട്ട് കണ്ടെത്തിയത്.കൈകാലുകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയ പണവും സ്വര്‍ണവും സിസിടിവി ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ചിരുന്നു. ചെറുമകൻ വീട്ടിലേക്ക് കൂട്ടക്കൊണ്ടുപോകാൻ വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. പിന്നാലെ പോലീസെത്തി പ്രാഥമിക അന്വേഷണം കഴിഞ്ഞപ്പോൾ ഇരുൾ പടർന്നതിനാൽ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റിയിരുന്നില്ല. തുടർന്ന്, ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ഫോറന്‍സിക് സംഘവും കൂടുതൽ പരിശോധനകൾ നടത്തി.പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണിന്‍റെ നേതൃത്വത്തില്‍ രാത്രി തന്നെ പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ സിസിടിവി ദൃശ്യങ്ങള്‍ പൂർണമായും പരിശോധിക്കുകയാണ്. ശബരിമലയിലേക്ക് വാഹനത്തിരക്കായതിനാൽ ഇതിനുള്ളിൽനിന്ന് വേണം പ്രതികളുടെ വിവരം കണ്ടെത്തേണ്ടത്.ജോര്‍ജിന്‍റെ കടയോട് ചേര്‍ന്ന് നിരവധി ഇതരസംസ്ഥാനക്കാര്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇത്തരക്കാരിലേക്കും സംശയം നീളുന്നുണ്ട്. തൂമ്പ, കൂന്താലി, കുട്ട, പിക്കാസ്, കോരി, കയര്‍, മണ്‍വെട്ടി എന്നിവയൊക്കെ വാങ്ങാന്‍ കെട്ടിട നിർമാണം നടക്കുന്നിടങ്ങളില്‍നിന്ന് ഇതരസംസ്ഥാനക്കാര്‍ എത്തുന്ന പതിവുണ്ട്.മരിച്ച ജോര്‍ജ് മിക്കപ്പോഴും കടയില്‍ ഷര്‍ട്ട് ധരിക്കാതെയാകും നില്‍ക്കുകയെന്നാണ് പരിചയക്കാര്‍ പറയുന്നത്. കഴുത്തിലുള്ള ആറു പവന്‍റെ മാല ഇതുമൂലം പലർക്കും അറിയാം. പരിസരപ്രദേശങ്ങള്‍ വ്യക്തമായി നിരീക്ഷിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. കടയിലെ സിസിടിവിയില്‍ കുടുങ്ങുമെന്ന് ഉറപ്പുള്ളതിനാലാണ് ഇവര്‍ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചിട്ടുള്ളത്. കടയില്‍ കയറി ജോര്‍ജിനെ കെട്ടിയിട്ട ശേഷമാകണം ഇവര്‍ ഹാര്‍ഡ് ഡിസ്‌ക് അഴിച്ചെടുത്തിരിക്കുന്നത്.പ്രഫഷണല്‍ മോഷ്ടാക്കളാണ് കൊലപാതകത്തിനും കവര്‍ച്ചയ്ക്കും പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഉച്ച കഴിഞ്ഞ് രണ്ടിനും വൈകീട്ട് ആറിനും മധ്യേയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് കരുതുന്നു. ഒന്നിലധികം പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. ജില്ലാ പോലീസ് മേധാവി അജിത്, ഡിവൈഎസ്പി നന്ദകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.