അബുദാബി: യുഎഇയില്‍ ആദ്യമായി പൊതുജനങ്ങള്‍ക്കായി ബ്രൂവറി തുറക്കുന്നു. ഈ മാസം അവസാനത്തോടെ അബുദാബിയില്‍ ബിയര്‍ നിര്‍മിച്ച് അതേ സ്ഥലത്ത് വില്‍പ്പന നടത്തുന്ന മൈക്രോബ്രൂവറി തുറക്കുമെന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രാഫ്റ്റ് ബിയര്‍ നിര്‍മാതാക്കളായ ക്രാഫ്റ്റ് ബൈ സൈഡ് ഹസില്‍ കമ്പനി അറിയിച്ചു.യുഎഇയില്‍ മദ്യം ലഭ്യമാണെങ്കിലും പൊതുസ്ഥലങ്ങളില്‍ മദ്യം ഉപയോഗിക്കുന്നതിന് നിരോധനമുണ്ട്. ഗാലേറിയ അല്‍ മരിയ ദ്വീപിലാണ് മദ്യശാല തുറക്കുന്നത്. ക്രാഫ്റ്റ് ബൈ സൈഡ് ഹസിലിന് ഓണ്‍-സൈറ്റ് ബിയര്‍ വില്‍ക്കാന്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. മദ്യ വില്‍പ്പനയുണ്ടെങ്കിലും വില്‍പ്പനശാലയില്‍ മദ്യംവിളമ്പുന്നതിന് ആദ്യമായാണ് അനുമതി.എമിറേറ്റില്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് പാനീയങ്ങള്‍ പുളിപ്പിക്കുന്നതിനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാമെന്ന് 2021ല്‍ അബുദാബിയിലെ അധികാരികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബ്രൂവറി തുറക്കുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ലൂസിയാന സ്മോക്ക്ഹൗസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മിക്‌സഡ് ഡ്രിങ്ക്സ്, സ്പെഷ്യാലിറ്റി കോഫി, സതേണ്‍ യുഎസ് ശൈലിയിലുള്ള ഭക്ഷണം എന്നിവ നല്‍കാനും സൈഡ് ഹസില്‍ ഉദ്ദേശിക്കുന്നു.ബിയറിനൊപ്പം ലഘുഭക്ഷണങ്ങളും ലഭ്യമാക്കും. കാജുന്‍ പോബോയ്സ്, ജംബാലയ, ചെമ്മീന്‍, ഗ്രിറ്റ്സ്, സ്‌മോക്ക്ഡ് ബ്രെസ്‌കെറ്റ്, ചൂടുള്ള വെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന ധാന്യ പ്രെറ്റ്സെലുകള്‍ എന്നിവയും ആസ്വദിക്കാം. 'ഞങ്ങളുടെ രഹസ്യം ഔദ്യോഗികമായി പുറത്തായി.... ക്രാഫ്റ്റ് ബൈ സൈഡ് ഹസില്‍ അബുദാബിയിലെ ആദ്യത്തെ മൈക്രോ ബ്രൂവറി ഉടന്‍ പൊതുജനങ്ങള്‍ക്കായി തുറക്കും!'- ഡിസംബര്‍ 11 തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ കമ്പനി പ്രഖ്യാപിച്ചു.റെസ്റ്റോറേറ്റര്‍മാരായ പീറ്റര്‍ സമഹ നദീം സെല്‍ബാക്കിന്റെയും ആദം ഡേവിസിന്റെയും പങ്കാളിത്തത്തോടെ സൃഷ്ടിച്ച ഞങ്ങളുടെ ആദ്യത്തെ പ്രാദേശിക സംരംഭമായ ക്രാഫ്റ്റ്, ഈ ഡിസംബറില്‍ തലസ്ഥാനം കീഴടക്കാന്‍ ഒരുങ്ങുകയാണ്. പുതിയ പൈന്റും മികച്ച കോക്ടെയിലും അത്ഭുതകരമായ ഭക്ഷണവും തേടുന്നവരെ കാത്തിരിക്കുകയാണ് തങ്ങളെന്നും കുറിപ്പില്‍ പറയുന്നു.
അബുദാബിയിലെ ആദ്യത്തെ ക്രാഫ്റ്റ് മൈക്രോബ്രൂവറി തുറക്കുന്നതില്‍ വിനീതരും ആവേശഭരിതരുമാണെന്ന് സൈഡ് ഹസില്‍ ബ്രൂസ് ആന്‍ഡ് സ്പിരിറ്റ്സിന്റെ സ്ഥാപകനും സിഇഒയുമായ ചാഡ് മക്ഗീ പറഞ്ഞു. ക്രാഫ്റ്റ് കമ്പനിയുടെ സ്ഥാപകരെന്ന നിലയില്‍, ഞങ്ങള്‍ക്ക് ലഭിച്ച ഉത്തരവാദിത്തം ഞങ്ങള്‍ അംഗീകരിക്കുന്നു. സമൂഹത്തിന് അഭിമാനിക്കാവുന്ന ഒരു ബ്രാന്‍ഡായി ക്രാഫ്റ്റ് മാറുമ്പോള്‍ യുഎഇയുടെ ഉയര്‍ന്ന നിലവാരത്തിന് അനുയോജ്യമായ നൂതനവും ആധികാരികവുമായ ഫുഡ് ആന്റ് ബിവറേജസ് അനുഭവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്-ചാഡ് മക്ഗീ കൂട്ടിച്ചേര്‍ത്തു.