ആറന്മുള ഉതൃട്ടാതി ജലമേള ; ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചു വാങ്ങും….




പത്തനംതിട്ട : ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഒന്നാം സ്ഥാനം നേടിയ ഇടശ്ശേരിമല പള്ളിയോടത്തിന്റെ ട്രോഫി തിരിച്ചു വാങ്ങാൻ തീരുമാനം. പള്ളിയോടത്തിന്റെ ഗ്രാന്റും റദ്ദാക്കും. അടുത്തവര്‍ഷം ജലമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് പള്ളിയോടത്തെ വിലക്കാനും തീരുമാനമായി. മത്സര വള്ളംകളിയിൽ കൂലിത്തുഴച്ചിലുകാരെ ഉപയോഗിച്ചതിനാണ് പള്ളിയോട സേവാ സംഘത്തിന്റെ നടപടി. വള്ളംകളിക്ക് തടസമുണ്ടാക്കിയ ചെറുകോൽ, പുതുക്കുളങ്ങര, പ്രയാർ, അയിരൂർ ,മേലുകര പള്ളിയോടങ്ങൾക്കെതിരെയും നടപടിയെടുക്കും.

2017 ന് ശേഷം ആദ്യമായാണ് ഇക്കുറി ജലമേള സംഘടിപ്പിച്ചത്. പരമ്പരാഗതമായ എല്ലാ ശൈലികളും ഇക്കുറി നടന്ന മത്സരത്തിൽ പിന്തുടരാൻ സംഘാടകര്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് മത്സരത്തിൽ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ദ്ദേശവും നൽകി. എന്നാൽ മത്സരത്തിനെത്തിയ പള്ളിയോടങ്ങൾ തമ്മിൽ ഇതേ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന പേരിൽ തര്‍ക്കമുണ്ടായി. പുറത്ത് നിന്ന് തുഴച്ചിലുകാരെ ഉപയോഗിച്ചെ ന്നായിരുന്നു പരാതികൾ ഉയര്‍ന്നത്.

മത്സരത്തിനിടെ വള്ളം മറ്റൊരു വള്ളത്തിലേക്ക് തുഴഞ്ഞുകയറ്റി യുണ്ടായ അപകടത്തിൽ വന്മഴി പള്ളിയോടെ മറിഞ്ഞിരുന്നു. ഇതിലുണ്ടായിരുന്ന തുഴച്ചിലുകാരെ മുഴുവൻ രക്ഷിച്ചെങ്കിലും ഏറെ നേരം ആശങ്ക ഉയര്‍ന്നിരുന്നു. വര്‍ഷങ്ങൾക്ക് ശേഷം നടന്ന ജലമേളയുടെ നിറംകെടുത്തുന്ന നിലയിലാണ് പള്ളിയോടങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടലുകളുണ്ടായത്. ഇതേ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

 ജലമേളയിൽ എ ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിലാണ് ഇടശ്ശേരിമല പള്ളിയോടം ജേതാക്കളായിരുന്നത്. ബി ബാച്ചിൽ ഇടക്കുളം പള്ളിയോടമാണ് ജേതാക്കളായത്. മന്നം സ്മാരക ട്രോഫിയാണ് ഇവര്‍ക്ക് നൽകിയത്. ഇതിൽ ഇടശേരി മല പള്ളിയോടത്തിന്റെ ട്രോഫി മാത്രമാണ് തിരികെ വാങ്ങുക.
أحدث أقدم