ഏകീകൃത കുർബാന തര്‍ക്കം ; പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് ഇന്ന് കൊച്ചിയിലെത്തും



കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരും സഭ നേതൃത്വവുമായുള്ള തർക്ക പരിഹാരത്തിനായി മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ ഇന്ന് കൊച്ചിയിൽ എത്തും. രാവിലെ നെടുമ്പാശ്ശേരിയിൽ എത്തുന്ന വത്തിക്കാൻ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക. ഒരാഴ്ച്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള തുടർചർച്ചകൾ നടത്തും.

എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പ നിർദ്ദേശിച്ച ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട് ആയിരിക്കും പ്രധാന ചർച്ച. പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കും. തുടർന്ന് വിവിധ വൈദികരെയും വത്തിക്കാൻ പ്രതിനിധി കാണുമെന്നാണ് സൂചന.

 കുർബാന അടക്കമുള്ള വിഷയത്തിൽ അന്തിമതീരുമാനം ആർച്ച് ബിഷപ്പ് സിറിൽ വാസിലുമായി ആലോചിച്ച ശേഷം ആയിരിക്കും തീരുമാനിക്കുക എന്ന് ബിഷപ്പ് ബോസ്കൊ പുത്തൂർ പറഞ്ഞിരുന്നു. നേരത്തെ ഏകീകൃത കുർബാന നടപ്പാക്കാൻ ബസലിക്ക പള്ളിയിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
أحدث أقدم