മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ശബരിമല സന്ദർശിക്കണം : കുമ്മനം രാജശേഖരൻ



 തിരുവനന്തപുരം: ശബരിമലയില്‍ നരകയാതന അനുഭവിക്കുന്ന അയ്യപ്പഭക്തരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

 ജനങ്ങള്‍ തിങ്ങികൂടുന്ന സ്ഥലങ്ങളില്‍ കുടിവെളളം, ആഹാരം, താമസം, ചികിത്സ, യാത്ര തുടങ്ങിയവക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇവയൊന്നും ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളങ്ങളിലോ യാത്രാ മദ്ധ്യേയോ ലഭ്യമല്ല. മനുഷ്യാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. കുമ്മനം പത്രസമ്മേളനത്തില്‍ പറഞ്ഞു.

 ഒരു തീര്‍ത്ഥാടന കാലയളവില്‍ കേരള സര്‍ക്കാരിന് പതിനായിരം കോടിയോളം രൂപയുടെ നികുതിവരുമാനം ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. 20 ലക്ഷത്തോളം വാഹനങ്ങളിലായി കോടിക്കണക്കിന് അയ്യപ്പന്മാര്‍ കേരള മണ്ണിലൂടെ യാത്ര ചെയ്യുമ്പോള്‍ ഖജനാവിലേക്ക് വരുന്ന വന്‍തുകയില്‍ ഒരംശംപോലും അയ്യപ്പന്മാരുടെ സംരക്ഷണത്തിനും അടിസ്ഥാസൗകര്യങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്നില്ല.

 കെഎസ്ആര്‍ടിസി 30 ശതമാനം കൂടുതല്‍ ചാര്‍ജ്ജ് വാങ്ങി അയ്യപ്പന്മാരെ ഞെക്കിപ്പിഴിയുകയാണ്. ഇലക്ട്രിസിറ്റി ബോര്‍ഡും അമിത ചാര്‍ജ് വസുലാക്കുന്നു. ദേവസ്വം ബോര്‍ഡിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 400 കോടി രൂപയാണ്. ഇത്രയേറെ സാമ്പത്തിക വരുമാനം വിവിധ സര്‍ക്കാര്‍, ദേവസ്വം ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടും ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് ശമനമോ പരിഹാരമോ ഉണ്ടാക്കുന്നില്ല.

 ആള്‍ത്തിരക്ക് നിയന്ത്രിക്കുകയല്ല, മറിച്ച് മാനേജ് ചെയ്യലാണ് ശബരിമലയില്‍ വേണ്ടതെന്ന് പല സന്ദര്‍ഭത്തിലും കോടതി ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. വടംകെട്ടി നിര്‍ത്തിയും ഇടവിട്ട് തടഞ്ഞുവെച്ചും ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ നടത്തുന്ന അശാസ്ത്രീയമായ നടപടിയാണ് ദുരിതങ്ങള്‍ക്കെല്ലാം കാരണം.
 ദുരിതനിവാരണത്തിലും ക്രൗഡ് മാനേജ്‌മെന്റ്‌ലും വിദഗ്ദപരിശീലനം നേടിയ സേനാംഗങ്ങളെ ശബരിമലയിലും മറ്റ് ഇടത്താവളങ്ങളിലും നിയോഗിക്കണം. തിരക്കുമൂലം മുമ്പ് പ്രശ്‌ന മുണ്ടായപ്പോള്‍ കേന്ദ്രസേനാംഗങ്ങളെ നിയോഗിച്ച് പരിഹാരം കണ്ടെത്തിയതാണ്.

 നിലയ്ക്കൽ ഇടത്താവളത്തിലെ അസൗകര്യങ്ങളും കുത്തഴിഞ്ഞ നടപടിക്രമങ്ങളുമാണ് ശബരിമല ആള്‍ത്തിരക്ക് നിയന്ത്രണാതീതമായതിന് കാരണം. വേണ്ടത്ര ബസ് സൗകര്യങ്ങളില്ല, വിരിവെക്കാനോ വിശ്രമിക്കാനോ ഷെഡുകളില്ല. ആവശ്യത്തിന് കുടിവെള്ളമോ ഭക്ഷണമോ ലഭ്യമല്ല. പ്രധാനപ്പെട്ട അടിവാര താവളമായ നിലയ്ക്കലില്‍ യാതൊരു വിധ മുന്നൊരുക്കങ്ങളോ തയ്യാറെടുപ്പുകളോ നടത്തിയിട്ടില്ല.

 ക്രമീകരണ പ്രവര്‍ത്തനങ്ങളുടെ എസ്ഒപി (സ്റ്റാന്‍ഡേസ് ഓപ്പറേഷന്‍ പ്രൊസിജര്‍), സെക്യൂരറ്റിമാനുവല്‍ തുടങ്ങിയവയൊന്നും ഫലത്തിലില്ല. നിലയ്ക്കല്‍ നിന്നും സമാന്തരപാതയിലൂടെ പമ്പയില്‍ അയ്യപ്പന്മാര്‍ക്കെത്താന്‍ കഴിയും. 20 വര്‍ഷമായി ശ്രമിച്ചിട്ടും പാത സഞ്ചാര യോഗ്യമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. 

പമ്പയില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലസൗകര്യമുണ്ട്. ഇവയെല്ലാം പ്രയോജനപ്പെടുത്തി തീര്‍ത്ഥാടനം സുഗമമാക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
أحدث أقدم