തൃശൂര്‍ : വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തില്‍ പരിക്ക്. പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.
ഏറെ നാളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്തുള്ളവരും ക്ഷേത്രദര്‍ശനത്തിനായി വരുന്നവരും ഭയാനകമായ അന്തരീക്ഷത്തിലാണെന്നും ഇവിടെ മനുഷ്യജീവനും വളര്‍ത്തു മൃഗങ്ങള്‍ക്കും ഭീഷണിയായി ഇരുപതിലധികം തെരുവുനായകളാണ് വിലസി നടക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.