മിഷോങ് ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ ജാഗ്രത, പുതുച്ചേരിയിൽ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് അവധി

 



ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ അതീവ ജാഗ്രത. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിൻ്റെ വടക്കൻ തീരപ്രദേശങ്ങളിൽ ഇന്നുമുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ ശക്തമായാൽ ചെന്നൈയിൽ വെള്ളക്കെട്ടിനും ഇടയാകും.തിങ്കളാഴ്ച വൈകുന്നേരത്തോടെ ചെന്നൈയ്ക്കും മച്ചിലിപ്പട്ടണത്തിനും ഇടയിൽ കരതൊടുന്ന ചുഴലിക്കാറ്റ് ദക്ഷിണ ആന്ധ്രാപ്രദേശിനെയും അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരത്തെയും കടന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. കാറ്റിൻ്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററാണ് പ്രവചിക്കുന്നത്. ഞായറാഴ്ചയോടെ മഴയ്ക്കൊപ്പം കാറ്റ് അനുഭവപ്പെട്ടേക്കും. തിങ്കളാഴ്ച തിരുവള്ളൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇവിടെ 21 സെൻ്റീമീറ്ററിലധികം മഴ ലഭിച്ചേക്കും. ചെന്നൈയിൽ അടുത്ത 48 മണിക്കൂറിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ട്.മഴ ശക്തമായാൽ സംഭരണികളിലെ ജലനിരപ്പിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് മുന്നിൽകണ്ട് വെള്ളം പുറത്തേക്ക് ഒഴുക്കുന്ന നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. കാഞ്ചീപുരം ജില്ലയിലെ ചെമ്പരമ്പക്കം തടാകത്തിൽനിന്ന് 402 ക്യുബിക് അടി വെള്ളം പുറത്തേക്ക് ഒഴുക്കി. മത്സ്യബന്ധനം നിർത്തിവെക്കാൻ മത്സ്യത്തൊഴിലാളികളോട് അധികൃതർ നിർദേശിച്ചു.ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നുമാണ് ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. മഴക്കെടുതി നേരിടാനായി എൻഡിആർഎഫ് സംഘവും സജ്ജമാണ്. അതിനിടെ, ചുഴലിക്കാറ്റിനെ തുടർന്ന് പുതുച്ചേരി സർക്കാർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

أحدث أقدم