തൃശൂർ : നവകേരള സദസിനെത്തിയ നാട്ടിക എംഎൽഎ സി സി മുകുന്ദന്റെ പി എ അസ്ഹർ മജീദിനെ പോലീസ് തടഞ്ഞതായി പരാതി. കറുത്ത ഷർട്ട് ധരിച്ചതിനെ തുടർന്നാണ് പിഎയെ പരിപാടിയിൽ പങ്കെടുക്കുന്നതിന് പോലീസ് വിലക്കിയത്. വേദിക്ക് മുന്നിലെത്തിയ അസ്ഹറിനോട് പുറത്തുപോകാൻ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പോലീസ് ആവശ്യപ്പെട്ടിരുന്നു. സംഭവം തർക്കത്തിന് കാരണമാകുകയും എംഎൽഎ പൊലീസിനെതിരേ രംഗത്തെത്തുകയും ചെയ്തു.
അസ്ഹറും പോലീസും തമ്മിൽ ഏറെ നേരം തർക്കമുണ്ടായിരുന്നു. തുടർന്ന് എംഎൽഎ ഇടപെട്ടാണ് അസ്ഹറിനെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ പോലീസ് ഈ പരിപാടി പൊളിക്കാൻ ശ്രമിക്കുകയാണെന്നും പ്രത്യേകിച്ച് ഡിവൈ.എസ്.പിക്കാണ് അതിനു താൽപര്യമെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും എംഎൽഎ വേദിയിൽ പറയുകയും ചെയ്തു.
സംഭവം ചർച്ചയായതോടെ സംഭവത്തിൽ വിശദീകരണവുമായി എംഎൽഎയുടെ ഓഫീസ് രംഗത്തെത്തി. തടഞ്ഞത് കറുത്ത വസ്ത്രം ധരിച്ചതിനല്ലെന്നും സുരക്ഷയുടെ ഭാഗമായി വേദിക്കരികിലേക്ക് പൊതുജനങ്ങളേയോ ഉന്നതോദ്യോഗസ്ഥരല്ലാത്തവരേയോ പ്രവേശിപ്പിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് അസ്ഹറിനെ തടഞ്ഞതെന്നും എംഎൽഎയുടെ ഓഫീസ് അറിയിച്ചു.