യാത്രക്കാരെ പിഴിഞ്ഞ് സ്വകാര്യ ബസുകൾ; കേരളത്തിലെത്താന്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ



 
കൊച്ചി : അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് വരാന്‍ ഒരുങ്ങുന്ന മലയാളികളെ പിഴിഞ്ഞ് ഇരട്ടിയിലേറെ നിരക്കുമായി സ്വകാര്യ ബസുകള്‍. നാളെയും മറ്റന്നാളുമെല്ലാം അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ 6,000 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകള്‍.

ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ഓണ്‍ലൈന്‍ വഴി ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്താല്‍ മേഴ്‌സിഡീസ് ബെന്‍സിന്റെ മള്‍ട്ടി ആക്‌സില്‍ എസി സ്ലീപ്പര്‍ ബസിന് നിരക്ക് 3,390 രൂപയാണ്. മറ്റ് ബസുകളില്‍ 2000ത്തിനും 3000ത്തിനും ഇടയിലാണ് നിരക്കുകള്‍. 

എന്നാല്‍ നാളെ അത് 6000 രൂപയാകും, ഇരട്ടി തുകയുടെ വ്യത്യാസം. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് 4,900 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. നോണ്‍ എസി സീറ്റര്‍ ബസുകള്‍ക്ക് നിരക്ക് 2840 രൂപ വരെയാണ് നിരക്ക്. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ സംഘടനാ തീരുമാനം മറികടന്നാണ് ഈ പിഴിയല്‍ എന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി റിജാസ് പറഞ്ഞു.

കെഎസ്ആര്‍ടിസിയില്‍ ചെന്നൈ കൊച്ചി റൂട്ടില്‍ നാളെ മുതല്‍ 2800, 3300, 3600 എന്നിങ്ങനെയാണ് നിരക്കുകള്‍. തിരക്ക് വര്‍ധിച്ചിട്ടും ദക്ഷണി റെയില്‍വേ സ്‌പെഷ്യല്‍ സര്‍വീസുകളൊന്നും ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. വിമാന ടിക്കറ്റുകള്‍ക്ക് മാനം മുട്ടുന്ന നിരക്കുമാണ്.
أحدث أقدم