ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുക്കുമോ?; മുഖ്യമന്ത്രിയോട് വിഡി സതീശന്‍


 
തിരുവനന്തപുരം : ഔദ്യോഗിക വാഹനത്തില്‍നിന്ന് പുറത്തിറങ്ങി, തന്നെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചുവെന്ന് ഗവര്‍ണര്‍ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ തുടര്‍ച്ചയായി കരിങ്കൊടി കാണിക്കില്ലെന്നു വ്യക്തമാണെന്ന് പ്രതിപക്ഷനേതാവ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

'നവകേരള ബസിനെതിരെ കരിങ്കൊടി കാണിക്കുന്ന കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കാന്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക് ആഹ്വാനം നല്‍കിയ അതേ മുഖ്യമന്ത്രിയാണ് ഗവര്‍ണറെ കരിങ്കൊടി കാട്ടാനും ആളെ വിട്ടത്. ഇരട്ടത്താപ്പും രാഷ്ട്രീയ പാപ്പരത്തവുമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് പിണറായി വിജയന്‍ കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനത്തിനു മുന്നില്‍ ചാടി കരിങ്കൊടി കാണിക്കുമ്പോള്‍ ആരാണ് 'രക്ഷാപ്രവര്‍ത്തനം' നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണം. തന്റെ ഔദ്യോഗിക വാഹനത്തില്‍ വന്ന് ഇടിച്ചെന്ന് ഗവര്‍ണര്‍ തന്നെ ആരോപിക്കുന്ന സ്ഥിതിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം'' സതീശന്‍ ആവശ്യപ്പെട്ടു.
أحدث أقدم