ഹരിപ്പാട് : വഴിയോര കച്ചവട വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്. കച്ചവടക്കാരനായ മുട്ടം മുല്ലശേരിൽ ഷഹനാസ്( 34), സാധനം വാങ്ങാനെത്തിയ മുട്ടം ബിസ്മില്ല മൻസിൽ താജുദ്ദീൻ(50) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ തട്ടാരമ്പലം – നങ്ങ്യാർകുളങ്ങര റോഡിൽ മുട്ടം മൈത്രി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
ഷഹനാസിന്റെ പെട്ടിവണ്ടിയിൽ നിന്ന് സാധനം വാങ്ങാൻ എത്തിയ താജുദ്ദീന് പഴങ്ങൾ എടുത്ത് കൊടുക്കുന്നതിനിടയിൽ തട്ടാരമ്പലം ഭാഗത്തുനിന്നും വന്ന കാർ റോഡ് അരികിൽ കിടന്ന ഷഹനാസിനേയും പെട്ടി ഓട്ടോറിക്ഷയിലും താജുദ്ദീന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താജുദ്ദീൻ സമീപത്തെ തട്ടിലേക്ക് തെറിച്ചു വീണു. തുടർന്ന് നിയന്ത്രണം തെറ്റിയ കാർ സമീപത്തെ മരത്തിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ ഇരുവരെയും തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയിലക്കുളങ്ങര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.