ശബരിമല പാതയിൽ പുലർച്ചെ രണ്ടപകടങ്ങൾ…ഏഴുപേർക്ക് പരുക്കേറ്റു


 
പത്തനംതിട്ട: ശബരിമല പാതയിൽ ഇന്ന് പുലർച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്ക്. പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 തീർത്ഥാടകർ ഉണ്ടായിരുന്നു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവിൽ ആയിരുന്നു രണ്ടാമത്തെ അപകടം. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ 3 തീർത്ഥാടകർക്ക് പരുക്കേറ്റു. ഇവരെ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സേഫ് സോൺ അധികൃതരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരുടെയും പരിക്കു ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്.
أحدث أقدم