ചായക്കടയിൽ പഴംപൊരിയുടെ രുചിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനുകുത്തേറ്റു


വർക്കല: ചായക്കടയിൽ പഴംപൊരിയുടെ രുചിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനു
കുത്തേറ്റു. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ രാഹുലിനാണ്(26)
കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക്
എന്നുവിളിക്കുന്ന അൽത്താഫി(38)നെ വർക്കല പോലീസ് അറസ്റ്റു ചെയ്തു.

മേൽവെട്ടൂർ ജംഗ്ഷനിലെ ചായക്കടയിൽ കഴിഞ്ഞദിവസം വൈകീട്ട് 5.30ഓടെയായിരുന്നു
സംഭവം. ചായക്കടയിൽ നിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ അതിന്റെ
രുചിക്കുറവിനെക്കുറിച്ച് കട നടത്തിപ്പുകാരനോടു തർക്കിച്ചു. കടയിൽ ചായ
കുടിക്കുകയായിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് രാഹുലും
അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ അൽത്താഫ് കൈയിൽ
കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത്
കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ശേഷം പ്രതി വാഹനത്തിൽ കയറി രക്ഷപ്പെട്ടു. രാഹുൽ പാരിപ്പള്ളി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. അറസ്റ്റിലായ അൽത്താഫ്
അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി
കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
أحدث أقدم