തിരുവനന്തപുരം : കനകക്കുന്നില്‍ ആകാശത്ത് ചന്ദ്രനെ കണ്ട കൗതുകമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ജനുവരിയില്‍ നടക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായി സംഘടിപ്പിച്ച 'മ്യൂസിയം ഓഫ് ദ മൂണ്‍' കാണാന്‍ കനകക്കുന്നിലേക്ക് എത്തിയത് ആയിരങ്ങളാണ്. ബ്രിട്ടീഷുകാരനായ ലൂക്ക് ജെറം സജ്ജമാക്കിയ ഭീമാകാരമായ ചാന്ദ്രമാതൃകയാണ് ആളുകള്‍ക്ക് കൗതുകമായത്.
ചന്ദ്രന്റെ നിരവധി ഫോട്ടോകളുടെകൂടി പ്രദര്‍ശനമാണ് 'മ്യൂസിയം ഓഫ് ദ മൂണ്‍'. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങളാണ് പ്രതലത്തില്‍ പതിച്ചിരിക്കുന്നത്. ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോണമി സയന്‍സ് സെന്ററിലാണ്. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ ഗോളാകാരത്തില്‍ തൊട്ടടുത്തു കാണാനുള്ള അവസരമാണ് 'മ്യൂസിയം ഓഫ് ദി മൂണ്‍' ഒരുക്കുന്നത്. ചാന്ദ്രമാതൃകയുടെ പ്രദര്‍ശനം മന്ത്രി കെ എന്‍ ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്.
ഈ ചന്ദ്രഗോളത്തിലെ ഓരോ സെന്റിമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമാണ്. ഭൂമിയില്‍നിന്ന് മനുഷ്യര്‍ക്ക് പരന്ന തളികപോലെ ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. ഏഴുമീറ്റര്‍ വ്യാസമുള്ള ചാന്ദ്രഗോളം പ്രകാശിക്കുന്ന ചന്ദ്രന്‍ കണ്‍മുന്നില്‍ നില്‍ക്കുന്ന അനുഭവം നല്‍കി.