ആന്ധ്ര സ്വദേശിനി, ഏരിയാ സെക്രട്ടറി; മാവോയിസ്റ്റ് കവിത മരിച്ചത് വെടിയേറ്റോ? മൗനം പാലിച്ച് പോലീസ്



ഇരിട്ടി: സിപിഐഎം (എൽ) മാവോയിസ്റ്റ് സംഘാംഗമായ ആന്ധ്രാപ്രദേശിലെ റായസീമ സ്വദേശിനി കവിത എന്ന ലക്ഷ്മി കണ്ണൂർ അയ്യൻകുന്ന് വനമേഖലയിൽവെച്ച് വെടിയേറ്റതിനെ തുടർന്ന് മരിച്ചുവെന്നാണ് മാവോയിസ്റ്റുകൾ പതിച്ച പോസ്റ്ററുകളിൽ വ്യക്തമാക്കുന്നത്. കവിതയുടെ മരണകാരണം ചികിത്സ കിട്ടാതെയാണെന്ന് വിവരം. നവംബർ 13ന് രാവിലെ 9:50നാണ് തണ്ടർബോൾട്ടുമായി മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. ഇതിനിടെയാണ് കവിതയ്ക്ക് വെടിയേറ്റതെന്നാണ് സൂചന.സാധാരണ പരിക്കേറ്റ മാവോയിസ്റ്റുകളെ കോയമ്പത്തൂരിലോ തിരുനെൽവേലിയിലോ എത്തിച്ച് ചികിത്സ നൽകാനുള്ള സംവിധാനം മാവോയിസ്റ്റുകൾക്ക് ഉണ്ടെങ്കിലും ഏറ്റുമുട്ടലുണ്ടായതിന് ശേഷം കനത്ത പോലീസ് കാവൽ കാരണം മാവോയിസ്റ്റുകൾക്ക് കാടിന് പുറത്തെത്താനായില്ലെന്നാണ് വിവരം. തുടർന്ന് വനത്തിനുള്ളിൽ തന്നെ ചികിത്സ തുടരുകയായിരുന്നു.സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റി വക്താവ് ജോഗിയുടെ പേരിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലും തിരുനെല്ലി ഗുണ്ടികപറമ്പ് കോളനിയിൽ പതിച്ച പോസ്റ്ററുകളിലുമാണ് കവിത മരണപ്പെട്ട വിവരം മാവോയിസ്റ്റുകൾ അറിയിച്ചത്. കവിതയുടെ മൃതദേഹം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ടുന്ന എല്ലാ ബഹുമതികളും നൽകി പശ്ചിമഘട്ട വനമേഖലയിൽ സംസ്‌കരിച്ചതായും ജോഗിയുടെ പ്രസ്താവനയിൽ പറയുന്നുണ്ട്.സിപിഐ (മാവോയിസ്റ്റ്) കബനി ഏരിയാ സെക്രട്ടറിയായ കവിതയുടെ രക്തസാക്ഷിത്വത്തിന് പകരംവീട്ടുമെന്നും അതിനായി സർവശക്തിയും സംഭരിക്കുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. എൽഡിഎഫ് ഭരണകാലത്ത് കൊല്ലപ്പെടുന്ന ഒൻപതാമത്തെ മാവോയിസ്റ്റ് നേതാവാണ് കവിത. നിലമ്പൂരിൽ മാവോയിസ്റ്റുകൾ പോലീസ് ഏറ്റുമുട്ടലിനെ തുടർന്ന് കൊല്ലപ്പെട്ടിരുന്നു.


കവിതയുടെ മരണത്തിൽ തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് ഭീഷണി തിരുനെല്ലിയിൽ പോസ്റ്റർ രൂപത്തിൽ വന്നതോടെ കണ്ണൂരിന്റെ അതിർത്തി ഗ്രാമങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തണ്ടർബോൾട്ടും പോലീസും അയ്യൻകുന്ന്, അമ്പായത്തോട് വനമേഖലകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.എന്നാൽ അയ്യൻകുന്നിൽ മാവോയിസ്റ്റ് സംഘാംഗം വെടിയേറ്റു മരിച്ചുവെന്ന വാർത്തയോട് ഇതുവരെ ഉന്നത പോലീസ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് പോലീസ്. സംഭവം നടന്നതിനു ശേഷം മാവോയിസ്റ്റുകൾ താമസിച്ച ടെൻഡിൽനിന്നു ആയുധങ്ങൾ കണ്ടെത്തിയതായും ചോരത്തുള്ളികളുടെ അവശിഷ്ടമുള്ളതായും കണ്ണൂർ റേഞ്ച് ഐജി ജിജി തോംസൺ വ്യക്തമാക്കിയിരുന്നു.
أحدث أقدم