പ്രമുഖ നടി ലീലാവതി അന്തരിച്ചു


 
ബെംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. 
 വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 600ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

കന്നഡയിൽ മാത്രം നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചഞ്ചല കുമാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഭക്ത കുംബര, ശാന്ത തുകാരം, ഭട്ക പ്രഹ്ലാദ, മംഗല്യ യോഗ, മന മെച്ചിദ മദാദി എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി. പ്രമുഖ കന്നഡ നടൻ ഡോ. രാജ്കുമാറിനൊപ്പം നിരവധി സിനിമകളിൽ വേഷമിട്ടു. രണ്ടു തവണ ദേശീയ പുരസ്കാരവും ആറ് തവണ സംസ്ഥാന പുരസ്കാരവും നേടി.

ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലാണ് ജനനം. നടൻ വിനോദ് രാജ് മകനാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്.യെഡിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച്.ഡി.കുമാരസ്വാമി എന്നിവരുൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.
أحدث أقدم