കൊച്ചി: മറിയക്കുട്ടിക്കുള്ള വിധവാ പെൻഷൻ മുടങ്ങിയതിൽ വിമർശനവുമായി ഹൈക്കോടതി. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ കോടതി പ്രാധാന്യം നൽകുന്നത് മറിയക്കുട്ടിയെ പോലുള്ള പൗരന്മാർക്കാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അഞ്ച് മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.
മറിയക്കുട്ടിക്കുള്ള പെൻഷൻ നൽകിയില്ലെങ്കിൽ മൂന്ന് മാസത്തെ ചിലവ് ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെനും കോടതി വാക്കാൽ പരാമർശിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാറിൻ്റെ പരിപാടി ഒന്നും മുടങ്ങുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പെൻഷൻ വിതരണത്തിന് ഏപ്രിൽ മുതലുള്ള കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലെന്നുമായിരുന്നു സർക്കാർ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ കേന്ദ്രത്തിനോട് നാളെ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു. പെൻഷൻ എപ്പോൾ നൽകാൻ കഴിയുമെന്നതിൽ സർക്കാർ നിലപാടറിയിക്കണം. ഹർജി നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.