ന്യൂഡല്‍ഹി: പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ ഏറ്റവും പ്രധാനം എക്കാലത്തും യാത്രാപ്രശ്‌നം തന്നെയാണ്. ഓണം, പെരുന്നാളുകള്‍, ക്രിസ്തുമസ്, സ്‌കൂള്‍ അവധിക്കാലം, ന്യൂ ഇയര്‍ തുടങ്ങി തിരക്കുള്ള സീസണുകളില്‍ പത്തിരട്ടിയിലധികമൊക്കെ ചാര്‍ജ് ഈടാക്കി കൊള്ളയടിക്കുന്ന വിമാന കമ്പനികളെ കുറിച്ചുള്ള പരാതികള്‍ക്ക് പ്രവാസത്തോളം പഴക്കമുണ്ട്. ഇതിനുള്ള പരിഹാരമെന്ന നിലയില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് എന്ന ബദല്‍ ആവശ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി വീശിയിരിക്കുകയാണ്.കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍ സര്‍വീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്സഭയിലാണ് പ്രഖ്യാപിച്ചത്. പാസഞ്ചര്‍ ക്രൂയിസ് സര്‍വീസ് സംബന്ധിച്ച ഹൈബി ഈഡന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങിലാണ് ഇക്കാര്യം തീരുമാനിച്ചത്.ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ സാധിക്കുന്നവര്‍ക്കും ടെന്‍ഡറില്‍ പങ്കെടുക്കാം. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ്, കേരള മാരിടൈം ബോര്‍ഡ്, കേരള ഗവണ്‍മെന്റിന്റെ നോര്‍ക്ക റൂട്ട്സ് എന്നിവയുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.യുഎഇ-കൊച്ചി-ബേപ്പൂര്‍ കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 10,000 രൂപ മുടക്കിയാല്‍ ഒരു വശത്തേക്ക് കപ്പലില്‍ യാത്രചെയ്യാമെന്ന് സര്‍വീസിനായി രംഗത്തുള്ളവര്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു. 200 കിലോ വരെ ഫ്രീ ലഗേജ് എന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നു ദിവസമായിരിക്കും യാത്രാസമയം.