ഓടുന്ന ബസ് തടഞ്ഞുനിര്‍ത്തി… ബസിനകത്ത് കയറി പരാക്രമം….


പാലക്കാട്: കൂറ്റനാട് സെന്ററിൽ ബസിൽ അക്രമം നടത്തിയ രണ്ട് പേർക്കെതിരെ ചാലിശ്ശേരി പോലീസ് വധശ്രമത്തിന് കേസെടുത്തു. പാലക്കാട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശങ്കർ ബസിന് നേരെ വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു ആക്രമണം. പട്ടാമ്പി വി കെ കടവ് റോഡിന് സമീപത്ത് ബസ് തടഞ്ഞ് നിർത്തിയ രണ്ട് പേരാണ് ബസിൽ കയറി ആക്രമണം നടത്തിയത്.

ഇരുവരും മദ്യ ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. യാത്രക്കാരെയും കണ്ടക്ടറേയും യാത്രാമധ്യേ ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൂറ്റനാട് സെന്ററിൽ എത്തി ബസിൽ നിന്നും ഇറങ്ങിയ ഇവർ ബസിന്റെ ഫ്രണ്ട് ഗ്ലാസും വശങ്ങളിലെ ഗ്ലാസും കല്ലെടുത്ത് ഇടിച്ച് തകർത്തു. ബസ് ഡ്രൈവറുടെ പരാതിയിൽ പ്രതികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
أحدث أقدم