ശബരിമലയിലെ തിരക്ക് സ്വഭാവികം; കൂടുതൽ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി

 

തേക്കടി : ശബരിമലയിൽ ഭക്തജന തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ഏകോപിതമായ സംവിധാനങ്ങളൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. നവകേരള സദസ്സിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ ശബരിമലയിലെ നിലവിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, വനം മന്ത്രി എ കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ നേരിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ്, കളക്ടര്‍മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി വര്‍ദ്ധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. ഇത് ക്രമീകരിക്കാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
أحدث أقدم