മണർകാട്: മധ്യവയസ്കയായ വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നം ഭാഗത്ത് കരിക്കത്തറ വീട്ടിൽ ഷാജു കെ.വി (57) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ (06.12.23) ഉച്ചയോടുകൂടി വടവാതൂർ പ്രവർത്തിക്കുന്ന ആശുപത്രിയിലെത്തി ഇവിടെ ചികിത്സയിലിരുന്ന മധ്യവയസ്കയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വിധവയായ വീട്ടമ്മയുമായി മുൻപ് കുറച്ചുകാലം ഒരുമിച്ച് താമസിച്ചിരുന്നസമയത്ത് ഇവർ തമ്മിൽ വഴക്കുണ്ടാവുകയും അന്ന് ഇവരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഇയാള്‍ ജയിലിലാവുകയും ചെയ്തിരുന്നു
തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ വീട്ടമ്മ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റാണെന്നറിഞ്ഞ് ഇവിടെയെത്തി വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ സുരേഷ് കെ.ആർ, സി.പി.ഓ മാരായ അനിൽകുമാർ, ശ്രീകുമാർ, പത്മകുമാർ, ജൂഡ്ജോസ്, സജീഷ്, പ്രവീൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.