കൊച്ചി: മുൻ സർക്കാർ പ്ലീഡർ പിജി മനു പ്രതിയായ ബലാത്സംഗ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ അഭിഭാഷകനായ പിജി മനു ബലാത്സംഗം ചെയ്ത കേസിന്‍റെ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്. പുത്തൻകുരിശ് ഡിവൈഎസ്പി വിജയനാണ് അന്വേഷണത്തിന് നേതൃത്വം നൽകുക.അതേസമയം, കേസിൽ പ്രതിയായ അഭിഭാഷകൻ പിജി മനു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. ചോറ്റാനിക്കര എസ്എച്ച്ഒ അടക്കം ആറുപേരാണ് പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
പരാതിക്കാരിയായ യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 2018 ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. തുടർന്ന് കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.സംഭവത്തിൽ പ്ലീഡര്‍ പിജി മനുവിനെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. ഇദ്ദേഹത്തില്‍നിന്ന് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങി. അഡ്വക്കേറ്റ് ജനറലിന്‍റെ ആവശ്യപ്രകാരം പി ജി മനു രാജി സമർപ്പിച്ചു. യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പോലീസ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്.