മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ; ജനങ്ങൾക്കും സംരക്ഷണം വേണം; ഇരട്ട നീതി എന്തിനെന്ന് കോടതി


പെരുമ്പാവൂർ : നവകേരള ബസിനു നേരെ ഷൂസെറിഞ്ഞെന്ന കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസിനെ വിമർശിച്ച കോടതി മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ ജനങ്ങളെ കൂടി സംരക്ഷിക്കണമെന്നും ഓർമിപ്പിച്ചു. പെരുമ്പാവൂരില്‍ നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കേസിലെ പ്രതികളെ ഹാജരാക്കിയപ്പോഴായിരുന്നു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ വാക്കാലുളള വിമർശനം.


ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് ഷൂ എറിഞ്ഞാൽ അ‌ത് എങ്ങനെയാണ് അ‌കത്തേക്ക് കടക്കുകയെന്ന് കോടതി ചോദിച്ചു. അ‌ങ്ങനെയാണെങ്കിൽ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ 308 വകുപ്പ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി ആരാഞ്ഞു.

അ‌തേസമയം, നവകേരള സദസ്സിന്റെ സംഘാടകരും ഡിവൈഎഫ്‌ഐക്കാരും ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിച്ചതായി കേസിലെ പ്രതികൾ കോടതിയെ അ‌റിയിച്ചു. സംഭവ സമയത്ത് പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ലേ എന്നും എന്തുകൊണ്ടാണ് പ്രതികളെ ആക്രമിച്ചവരെ അ‌റസ്റ്റ് ചെയ്യാതിരുന്നത് എന്നും കോടതി ചോദിച്ചു. എങ്ങനെയാണ് ഇത്തരത്തിൽ ഇരട്ട നീതി നടപ്പാക്കാൻ കഴിയുന്നതെന്ന് വിമർശിച്ച കോടതി വിശദമായ പരാതി എഴുതി നൽകണമെന്ന് പ്രതികളോട് നിർദേശിച്ചു. സംഭവത്തിൽ പരാതി ലഭിച്ച ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.

സംഭവത്തിൽ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബസിന് നേരെ പ്രതികൾ നാല് തവണ ഷൂ എറിഞ്ഞെന്നാണ് പോലീസിന്റെ വാദം. ഇതേത്തുടർന്ന് പ്രതിഷേധക്കാർക്കു നേരേ പോലീസ് ലാത്തിവീശി. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 

പോലീസ് നോക്കിനിൽക്കെയായിരുന്നു സംഭവം. ഇതോടൊപ്പം കേസിൽ കെ.എസ്.യു പ്രവർത്തകരെ മാത്രം അ‌റസ്റ്റ് ചെയ്യുകയും പ്രതികളെ ക്രുരമായി മർദ്ദിക്കുന്നത് നോക്കി നിൽക്കുകയും ഇതിൽ നടപടി എടുക്കാതെയുമുള്ള പോലീസിന്റെ നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
أحدث أقدم