പത്തനംതിട്ട: സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷൺമുഖ അമ്മാളിന് അയ്യനെ കൺകുളിർക്കെ കാണാൻ സഹായിയായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെ സന്നിധാനത്തു നിന്ന് മടങ്ങാനൊരുങ്ങി തന്ത്രിയെ കണ്ടിറങ്ങിയപ്പോഴാണ് കൂട്ടം തെറ്റി നിൽക്കുന്ന ഷൺമുഖ അമ്മാൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കി. പിന്നീട് ബന്ധുക്കൾ വരുന്നതു വരെ ഷൺമുഖ അമ്മാളിനെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിനടുത്ത് ഇരുത്തി. അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടിയെന്ന് ഷൺമുഖ അമ്മാൾ പറഞ്ഞു. പിന്നീട് പൊലീസ് ബന്ധുക്കളെ കണ്ടെത്തി അമ്മാളിനെ അവരുടെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു.