ശബരിമലയില്‍ അരവണ പ്രതിസന്ധി രൂക്ഷമായതോടെ വിതരണം പരമാവധി 2 ടിന്നാക്കി ചുരുക്കി. ഇന്ന് വൈകിട്ടോടെ അരവണ പ്രതിസന്ധി പരിഹരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പരിഹാരമായില്ല. അരവണ നിറയ്ക്കുന്ന ടിന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി.
പുതുതായി കരാർ എടുത്ത കമ്പനികൾ കൂടുതൽ കണ്ടെയ്നറുകൾ എത്തിയ്ക്കുന്നത്തോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.ശബരിമലയിൽ അരവണ ടിന്നുകൾ എത്തിയ്ക്കാൻ ടിന്നൊന്നിന് 6.47 രൂപ നിരക്കിൽ രണ്ട് കമ്പനികളാണ് കരാർ എടുത്തിരുന്നത്. പ്രതിദിനം ഒന്നരലക്ഷം ടിന്നുകൾ എത്തിക്കണമെന്നായിരുന്നു കരാർ. ഇതിൽ ആദ്യ കരാറുകാരൻ വീഴ്ച വരുത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണം. രണ്ടാമത്തെ കരാറുകാരൻ എത്തിയ്ക്കുന്ന ടിന്നുകൾ മാത്രമാണ് നിലവിൽ സ്റ്റോക്കുണ്ടായിരുന്നത്. ഇത് പൂർണ്ണമായും തീർന്ന മട്ടാണ്. ഇത് മറികടക്കാൻ രണ്ട് കമ്പനികൾക്ക് കൂടി പുതുതായി കരാർ നൽകിയിട്ടുണ്ട്. ഈ കമ്പനികൾ ഇന്ന് കൂടുതൽ കണ്ടെയ്നറുകൾ എത്തിക്കുമെന്ന് ദേവസ്വം ബോർഡ് കരുതുന്നു.
അതേസമയം ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുകയാണ്. തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം ബോർഡ് കടുത്ത നിയന്ത്രണങ്ങളിലേക്ക് നടന്നിട്ടുണ്ട്.