ധാർ : 256 ദിനോസർ മുട്ടകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ 92 കേന്ദ്രങ്ങളിൽ നിന്നാണ് ഇത്രയധികം മുട്ടകൾ കണ്ടെടുത്തത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലായിരിക്കാമെന്ന നിഗമത്തിലാണ് ശാസ്ത്രലോകം. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് മുട്ടകളുടെ ഫോസിൽ കണ്ടെത്തിയത്. ചില സ്ഥലങ്ങളില്‍ നിന്ന് 20 മുട്ടകള്‍ വരെ ലഭിച്ചു. ഏകദേശം 66 ദശലക്ഷം (6.6 കോടി) വര്‍ഷങ്ങള്‍ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുള്ള മുട്ടകൾ, ഓരോ കൂട്ടിലും 20 വരെ സൂക്ഷിച്ചിരുന്നു. ചില മുട്ടകളില്‍ അടയിരുന്നതിന്റെ ശേഷിപ്പും ലഭിച്ചു, ചിലതില്‍ വിരിയാൻ വെച്ചതിന്റെ അടയാളമുണ്ടായിരുന്നില്ല. ഡെക്കാന്‍ ട്രാപ്പിനോട് ചേര്‍ന്ന് കിടക്കുന്ന ലമെറ്റ ഫോര്‍മേഷൻ പ്രദേശത്താണ് ദിനോസറുകളുടെ മുട്ടകള്‍ വന്‍തോതില്‍ കണ്ടെത്തിയത്. ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലാണ് ലമെറ്റ ഫോർമേഷനുകൾ ഗവേഷകര്‍ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങളിലും ഫോസിലുകൾ ഉണ്ടായേക്കാമെന്നും സംശയിക്കുന്നു. ഈ സ്ഥലങ്ങളില്‍ നിന്ന് സസ്തനികളുടെയും ഉരഗങ്ങളുടെയും മറ്റ് ജീവികളുടെയും ഫോസിലുകള്‍ കണ്ടെത്തിയിട്ടുണ്ട്.