കോഴിക്കോട്: സൈനിക സേവനത്തിനിടെ ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ ദിവസം അന്തരിച്ച വളയത്തെ സൈനികന്‍ നായിക് മിഥുന്റെ(34) സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ധീര സൈനികന്റെ സംസ്‌കാര ചടങ്ങിനായി ഒര് നാട് മുഴുവൻ വളയത്തെ വീട്ടിലെത്തിയിരുന്നു. സംസ്കാര ചടങ്ങിനെത്തിയവരെ കൊണ്ട് തിങ്ങി നിറഞ്ഞ വീട് സാക്ഷ്യംവഹിച്ചത് വികാരനിര്‍ഭര രംഗങ്ങള്‍ക്കായിരുന്നു.



ആറ് വയസുകാരനായ മകന്‍ ദക്ഷിത് അച്ഛന് അവസാനമായി സല്യൂട്ട് നല്‍കിയാണ് വിട നൽകിയത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച സമയമായിരുന്നു അത്. മൃതദേഹത്തിൽ പട്ട് പുതപ്പിച്ച് മിഥുന്റെ മുഖത്തേക്ക് നോക്കി ദക്ഷിത് സല്യൂട്ട് ചെയ്തു. ഒരു സൈനികന്റെ മകൻ അച്ഛന് നൽകിയ അവസാന യാത്രാമൊഴി. ഇനി തിരിച്ചുവരില്ലെന്നറിയാതെ അവൻ സല്യൂട്ട് നൽകിയപ്പോൾ ചുറ്റും കൂടിയവ‍ര്‍ക്ക് തേങ്ങലടക്കാൻ സാധിച്ചില്ല. ഡ്യൂട്ടിക്കിടെ ന്യുമോണിയ ബാധിച്ച്, ശ്രീനഗറിലെ സൈനിക ആശുപത്രിയിലായിരുന്ന മിഥുന്‍ ശനിയാഴ്ചയാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ച ഭൗതിക ശരീരം ഇന്ന് പുലര്‍ച്ചെയോടെയാണ് വളയം പേരാലുള്ള പറമ്പത്തെ വീട്ടില്‍ എത്തിച്ചത്.  നൂറുകണക്കിനാളുകള്‍ അതിനോടകം തന്നെ മിഥുനിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു. ഇകെ വിജയന്‍ എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കോഴിക്കോട് സൈനിക കൂട്ടായ്മ അംഗങ്ങള്‍, കാലിക്കറ്റ് ഡിഫന്‍സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

أحدث أقدم