അത് പെൺകടുവ; വാകേരിയിലെ പന്നിഫാം ആക്രമിച്ചത് ഡബ്ല്യുഡബ്ല്യുഎൽ - 39; പിടികൂടാൻ രണ്ടാം കൂടും



സുൽത്താൻ ബത്തേരി: വാകേരി മൂടക്കൊല്ലിയിൽ പന്നിഫാം ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ സെൻസസിൽ ഉൾപ്പെട്ട ഡബ്ല്യുഡബ്ല്യുഎൽ - 39 എന്ന പെൺകടുവയാണ് മൂടക്കൊല്ലിയിൽ രണ്ടാം തവണയും ശ്രീജിത്ത്, ശ്രീനേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫാമിലെത്തി പന്നികളെ ആക്രമിച്ച് കൊലപ്പെടുത്തുകയും ഭക്ഷിക്കുകയും ചെയ്തത് എന്നാണ് വനം വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.ഈ മാസം ആറിന് പുലർച്ചെയെത്തി 21 പന്നിക്കുഞ്ഞുങ്ങളെയും ഞായറാഴ്ച പുലർച്ചെ എത്തി ആറ് പന്നികളെയും ആക്രമിച്ചത് ഒരു കടുവ തന്നെയാണെന്നാണ് വനം വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ഈ കടുവയെ പിടികൂടുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം പ്രദേശത്ത് രണ്ടാമത്തെ കൂടും സ്ഥാപിച്ചു.ആക്രമിക്കപ്പെട്ട പന്നിഫാമിനടുത്ത് ഒരു കൂട് ഉണ്ട്. ആറാം തീയതി ഫാമിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ഈ കൂട് സ്ഥാപിച്ചത്. എന്നാൽ ഇതിൽ കയറാതെ ഇതിന് സമീപത്തുകൂടി തന്നെയാണ് ഞായറാഴ്ച പുലർച്ചെ കടുവ ഫാമിലെത്തി പന്നികളെ പിടികൂടിയത് എന്നാണ് കരുതുന്നത്. കടുവയുടെ സഞ്ചാരം വനം വകുപ്പ് പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്.ദേശീയ കടുവ സംരക്ഷണ നിയമപ്രകാരം വിദഗ്ധ സമിതി രൂപവത്കരിച്ച് മൂടക്കൊല്ലിയിലും പരിസരത്തും പട്രോളിങ് നടത്തുകയാണ് വനം വകുപ്പ്. പന്നിഫാമിന് നേരെ രണ്ടാമത്തെ ആക്രമണത്തോടെ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലേക്ക് പോയിരുന്നു. പരിശോധനയ്ക്കായി എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം നാട്ടുകാർ തടഞ്ഞുവെച്ചു.


പന്നിഫാം ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കടുവാ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ട നാട്ടുകാർക്കൊപ്പം ജനപ്രതിനിധികളും നിലയുറപ്പിച്ചതോടെ പ്രതിഷേധം ഏറെ നേരം നീണ്ടുനിൽക്കുകയായിരുന്നു. പിന്നീട് പോലീസെത്തി പ്രതിഷേധക്കാരോട് സംസാരിച്ചതിന് ശേഷം പ്രശ്‌നത്തിൽ പരിഹാരം കാണുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.കടുവ കൂട്ടിലാകുന്നത് വരെ രാത്രിയും പകലും പ്രദേശത്ത് പട്രോളിങ് ശക്തമാക്കാനാണ് വനം വകുപ്പ് തീരുമാനം. വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ചിന്റെ പരിധിയിലുൾപ്പെടുന്നതാണ് വാകേരി മൂടക്കൊല്ലി പ്രദേശം. ഇരുളം ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർക്കാണ് പട്രോളിങ് അടക്കമുള്ള ചുമതല. നടപടികൾക്ക് ഉന്നത വനം ഉദ്യോഗസ്ഥർ നേതൃത്വം നൽകും.
أحدث أقدم