400 കിലോ ഗ്രാം ഭാരം; രാമക്ഷേത്രത്തിനായി ലോകത്തെ ഏറ്റവും വലിയ താഴ്


ലക്‌നൗ: ശ്രീരാമ ക്ഷേത്രത്തിനായി ലോകത്തിലെ ഏറ്റവും വലിയ താഴ് അയോദ്ധ്യയിലേക്ക്. അലിഗഢ് സ്വദേശിനിയായ രുക്മണി ശർമ്മയാണ് ക്ഷേത്രത്തിനായി താഴ് സമർപ്പിച്ചത്. പൂർണമായും കൈകൊണ്ട് നിർമ്മിച്ച താഴിന് 400 കിലോ ഗ്രാമാണ് ഭാരം.

അലിഗഢിലെ ശിൽപ്പിയായ സത്യപ്രകാശിന്റെ ഭാര്യയാണ് രുക്മിണി. ഇരുവരും ചേർന്നായിരുന്നു ഇത്രയും വലിയ താഴ് നിർമ്മിച്ചത്. എന്നാൽ ഇതിനിടെ സത്യപ്രകാശ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ ആഗ്രഹം പൂർത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു അന്തിമനിർമ്മാണം പൂർത്തിയാക്കിയശേഷം രുക്മണി താഴ് ക്ഷേത്രത്തിന് നൽകിയത്.

അലിഗഡിൽ നിന്നും പൂജിച്ചശേഷമാണ് പൂട്ട് അയോദ്ധ്യയിലേക്ക് കൊണ്ടുപോയത്. ക്രെയിൻ ഉപയോഗിച്ചായിരുന്നു താഴ് വാഹനത്തിലേക്ക് കയറ്റിയത്. താഴുമായി വാഹനം യാത്ര പുറപ്പെടുന്ന വേളയിൽ രാമഭക്തർ ജയ് ശ്രീരാം വിളിച്ചു.

രണ്ട് വർഷത്തെ ശ്രമഫലമായാണ് താഴ് നിർമ്മിച്ചതെന്ന് രുക്മണി പറഞ്ഞു. 10 അടി ഉയരവും 4.5 അടി വീതിയുമാണ് പൂട്ടിനുള്ളത്. നാലടി നീളത്തിലാണ് താഴിന്റെ താക്കോലുകൾ നിർമ്മിച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് നടന്ന അലിഗഢ് വാർഷിക പ്രദർശന മേളയിൽ ഈ താഴ് പ്രദർശിപ്പിച്ചിരുന്നു. ഇതിന് ശേഷം പൂട്ടിൽ ചില മിനുക്കു പണികളൊക്കെ ചെയ്തിട്ടുണ്ട്. അങ്ങേയറ്റം ഭക്തിയോടെയാണ് തന്റെ ഭർത്താവ് പൂട്ട് നിർമ്മിച്ചിരിക്കുന്നത് എന്നും രുക്മണി കൂട്ടിച്ചേർത്തു.

താഴ് രാമക്ഷേത്രത്തിൽ സമ്മാനിക്കണമെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഇതാണ് ഇപ്പോൾ നിറവേറിയത്. രാമക്ഷത്ര നിർമ്മാണത്തിൽ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയെന്നോണമാണ് താഴ് നിർമ്മിച്ചത് എന്നും രുക്മണി വിശദമാക്കി.
أحدث أقدم