ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം 17ന് നടക്കേണ്ട 48 വിവാഹങ്ങളുടെ സമയത്തിൽ മാറ്റം. 17ന് രാവിലെ ആറുമണിക്കും ഒൻപതുമണിക്കും ഇടയിൽ നിശ്ചയിച്ചിരുന്ന വിവാഹങ്ങളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. ഈ സമയം നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ പുലർച്ചെ അഞ്ചിനും ആറിനും ഇടയിൽ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതു പ്രമാണിച്ചാണ് ക്രമീകരണം.17ന് രാവിലെ ആറുമണിക്കും ഒൻപതുമണിക്കും ഇടയിൽ ക്ഷേത്രത്തിൽ മറ്റ് വിവാഹങ്ങൾ നടക്കില്ല. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർ പോലീസ് നൽകുന്ന പ്രത്യേക പാസ് എടുക്കണമെന്ന് നിർദേശമുണ്ട്. വിവാഹസംഘത്തിൽ 20 പേർക്ക് മാത്രമാണ് അനുമതി. ഇതേ ദിവസം രാവിലെ ചോറൂണിനും തുലാഭാരത്തിനും അനുമതി ഉണ്ടാകില്ല. 17ന് 65 വിവാഹങ്ങളാണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരിക്കുന്നത്.17ന് രാവിലെ 8:45നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുക. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാവിലെ ഏഴുമണിയോടെ മോദി ക്ഷേത്രത്തിൽ എത്തുമെന്നാണ് വിവരം. തുടർന്ന് ദർശനം നടത്തും. ഇതിനുശേഷമാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കുക.ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നത്. ഇക്കഴിഞ്ഞ മൂന്നിന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച മഹിളാസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിൽ എത്തുന്നത്. 16ന് വൈകിട്ട് പ്രധാനമന്ത്രി കൊച്ചിയിൽ എത്തും. ആറുമണിയോടെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു മുന്നിൽനിന്ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും. ഹോസ്പിറ്റൽ റോഡ് വഴി എറണാകുളം ഗസ്റ്റ് ഹൗസിനു മുന്നിൽ റോഡ് ഷോ സമാപിക്കും.17ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിനു പുറമേ സമൂഹവിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് പ്രധാനമന്ത്രി കൊച്ചിയിലേക്ക് മടങ്ങും. 11 മണിക്ക് മറൈൻഡ്രൈവിൽ നടക്കുന്ന ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
മോദിയുടെ സന്ദർശനം: ഗുരുവായൂരിൽ 48 വിവാഹങ്ങളുടെ സമയത്തിൽ മാറ്റം, ചോറൂണിനും തുലാഭാരത്തിനും നിയന്ത്രണം
jibin
0